29 C
Trivandrum
Wednesday, February 5, 2025

വിഴിഞ്ഞത്തിന് സര്‍ക്കാര്‍ ഗ്യാരന്റി

    • ഔട്ടര്‍ റിങ് റോഡിനുള്ള 1629 കോടിയുടെ ബാധ്യത ഏറ്റെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നബാര്‍ഡ് വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോര്‍ട്ട് ലിമിറ്റഡിന് സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. നബാര്‍ഡില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശയും സര്‍ക്കാര്‍ വഹിക്കും.

Follow the FOURTH PILLAR LIVE channel on WhatsApp 

നബാര്‍ഡില്‍ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാര്‍ഡ് നല്‍കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും. നബാര്‍ഡ് വായ്പയ്ക്കായി, നേരത്തേ ഹഡ്‌കോയില്‍ നിന്നും വായ്പയെടുക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ ഗ്യാരന്റി റദ്ദ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. 45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയപാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയന്‍ ഡവലപ്മെന്റ് പ്രോജക്ട് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. ഔട്ടര്‍ റിങ് റോഡ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ 50 ശതമാനം (ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ) മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് പ്രോജക്ടിന്റെ (എം.ഐ.ഡി.പി.) ഭാഗമാക്കി അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കും.

ഇതിനുപുറമേ റോയല്‍റ്റി, ജി.എസ്.ടി. ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്കു സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക. ഔട്ടര്‍ റിങ് റോഡിന്റെ നിര്‍മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പന്നങ്ങളും മറ്റു പാറ ഉല്‍പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും യോഗം തീരുമാനിച്ചു.

ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക്‌സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും. ദേശീയപാത അതോറിറ്റി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്‍ഡ് നല്‍കുന്നതിന് നികുതി-ധനകാര്യ വകുപ്പുകള്‍ ചേര്‍ന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

Recent Articles

Related Articles

Special

Enable Notifications OK No thanks