Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: പിതൃതുല്യനായ ഗുരുവിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ വത്സലശിഷ്യൻ വീട്ടിലെത്തി. കോഴിക്കോട് നടക്കാവിൽ എം.ടി.വാസുദേവൻ നായർ ഇല്ലാത്ത ‘സിതാര’യിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് മമ്മൂട്ടി എത്തിയത്.
എം.ടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിന് സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അസർബൈജാനിലുണ്ടായ വിമാനാപകടത്തെ തുടർന്ന് യാത്രാപ്രശ്നം നേരിട്ടതിനാൽ നാട്ടിലേക്കുള്ള വരവ് വീണ്ടും വൈകി.
വിദേശ യാത്രയ്ക്കു ശേഷം മടങ്ങിയെത്തി വൈകാതെ മമ്മൂട്ടി കോഴിക്കോട്ടെ എം.ടിയുടെ വീട്ടിലെത്തുകയായിരുന്നു. എം.ടിയുടെ ഭാര്യ സരസ്വതി, മകൾ അശ്വതി, മരുമകൻ ശ്രീകാന്ത് എന്നിവരെ കണ്ട അദ്ദേഹം എം.ടിയുമായുള്ള തന്റെ ഓർമ്മകളും വിയോഗത്തിലെ ദുഃഖവും പങ്കുവെച്ചു. എം.ടിയെ മറക്കാനാവാത്തത് കൊണ്ടാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു. നടന് രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ അദ്ദേഹം ജീവൻ നൽകി. എം.ടിയുടെ അവസാന ദിവസങ്ങളിലും മമ്മൂട്ടിയും അദ്ദേഹവുമായുള്ള ഉറ്റബന്ധം പൊതുവേദികളിലടക്കം പ്രകടമായിരുന്നു. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.































