കൊച്ചി: മുഖ്യപരിശീലകന്‍ മിക്കായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി. ഐ.എസ്.എല്ലില്‍ തുടര്‍ തോല്‍വികളെ തുടര്‍ന്നാണ് സ്റ്റാറെയെ പരിശീലക സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
ടീമിന്‍റെ പുതിയ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്‍റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്‍റ് തലവനുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജിപുരുഷോത്തമന്‍ എന്നിവര്‍ പുതിയ പരിശീലകനെത്തുന്നതുവരെ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക ചുമതല വഹിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്കൊപ്പമുള്ള കാലയളവിൽ നല്‍കിയ സംഭാവനകള്‍ക്ക് മിക്കായേൽ സ്റ്റാറെ, ബിയോണ്‍, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ്ബ് നന്ദി അറിയിച്ചു.
കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു.അവസാന മിനിറ്റുകളില്‍ വഴങ്ങിയ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് നയിച്ചത്. ടീമിന്‍റെ മോശം പ്രകടനത്തിനെതിരെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മോശം പ്രകടനം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരത്തില്‍ വാദ്യമേളങ്ങളും ടീമിനായുള്ള മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്ന് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സീസണില്‍ 12 കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് ഏഴെണ്ണത്തില്‍ തോറ്റു. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങി. പോയന്‍റ് പട്ടികയില്‍ 11 പോയന്‍റുമായി നിലവില്‍ പത്താം സ്ഥാനത്താണ്.
കഴിഞ്ഞ സീസണ്‍ വരെ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന ഇവാന്‍ വുക്കോമനോവിച്ചിനെ ഒഴിവാക്കിയാണ് മികായേല്‍ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകനാക്കിയത്. 2026 വരെയായിരുന്നു സ്റ്റാറെയുമായി ബ്ലാസ്റ്റേഴ്സിന് കരാറുണ്ടായിരുന്നത്. ഐ.എസ്.എൽ. ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയായിരുന്നു മികായേല്‍ സ്റ്റാറേ.