കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി.ദിവ്യക്ക് ജാമ്യം അനുവദിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജയിലിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യക്ക് ജാമ്യം ലഭിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്.
മാനുഷികവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്.
അതേസമയം ദിവ്യക്കെതിരെ ചുമത്തിയ ബി.എന്‍.എസ്. 108 ആത്മഹത്യാപ്രേരണക്കുറ്റം കേസില്‍ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. വിളിക്കാത്ത വേദിയില്‍ ചെന്ന് പ്രാദേശിക ചാനലിനെ കൂട്ടിപ്പോയി എ.ഡി.എമ്മിന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന രീതിയില്‍ ദിവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.
ഒരു കൈയില്‍ കൊള്ളാവുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ പൊതുസമൂഹം ഇതുവരെ ചര്‍ച്ചചെയ്ത വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടെയുണ്ടെന്ന് വ്യക്തമാവും. അന്വേഷണം ഒരിക്കലും ഏകമുഖമാകരുത്. ദിവ്യയുടെ കൈയിലുള്ള മറ്റ് വിശദവിവരങ്ങള്‍ അന്വേഷണത്തിന് കൈമാറുമെന്നും വിശ്വന്‍ പറഞ്ഞു.
കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. വസ്തുതകള്‍ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായതെന്നും വിശ്വന്‍ പറഞ്ഞു. ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.
ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.
കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പൊലീസ് പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എ.ഡി.എം. കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറയുകയുണ്ടായി. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.