പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കള്ളപ്പണം കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തിയ ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. കെ.എസ്.യു. പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി പോകുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ അടക്കമുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും കാണാം.
എട്ടു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം രാത്രി 10.11 മുതല്‍ രാത്രി 11.30 വരെയുള്ള ദൃശ്യങ്ങളാണ് ഇവ. രാത്രി 10.11 ആകുമ്പോള്‍ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജ്യോതി കുമാര്‍ ചാമക്കാല അടക്കമുള്ളവര്‍ ഹോട്ടലിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. 10.13ന് ശ്രീകണ്ഠന്‍ വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും കാണാം. 10.39നുള്ള ദൃശ്യങ്ങളില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും കാണാം.
അതിനുശേഷം വരുന്നത് 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്ന ദൃശ്യമാണ്. അതിനു ശേഷം 10.47ന് പിന്നീട് രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. ഈ മുറിയില്‍ നിന്ന് കനമുള്ള പെട്ടിയുമായി ഫെനി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. 10.51നുള്ള ദൃശ്യത്തില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും കാണാം. അതിനു ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍കാണാം.
കള്ളപ്പണം നീല ട്രോളി ബാഗില്‍ കടത്തിയെന്നാണ് സി.പി.എം. നേരത്തെ ആരോപിച്ചത്. രാത്രി രാഹുല്‍ മാങ്കൂട്ടത്തിലും ഹോട്ടലിലുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. താന്‍ കോഴിക്കോടാണുള്ളതെന്നാണ് എന്ന് പുലര്‍ച്ചെ ലൈവില്‍ രാഹുല്‍ ചാനലുകളോടു പറഞ്ഞത്. എന്നാല്‍, കള്ളപ്പണ കൈമാറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് രാഹുല്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിനു വേണ്ടിയാണ് ഹോട്ടലില്‍ യോഗം ചേര്‍ന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അടുത്ത ഏഴ് ദിവസത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്യാന്‍ വേണ്ടിയാണ് താന്‍ അവിടെ എത്തിയത്. കോഴിക്കോട് പോകാനുണ്ടായിരുന്നതുകൊണ്ട് തന്നെ പെട്ടിയില്‍ തന്റെ വസ്ത്രങ്ങളായിരുന്നു എന്നും രാഹുല്‍ പറയുന്നു. പെട്ടി ഉയര്‍ത്തിക്കാട്ടി രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.