പാലക്കാട്: ബി.ജെ.പിയിലെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് ഒരു പ്രമുഖ നേതാവ് കൂടി പാര്‍ട്ടി വിട്ടു. ബി.ജെ.പി. പാലക്കാട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും 2001ല്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.പി.മണികണ്ഠനാണ് അംഗത്വം പുതുക്കാതെ ബി.ജെ.പി .വിട്ടത്.
പാര്‍ട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പുറത്തു പറയാന്‍ പറ്റാത്ത പ്രവര്‍ത്തനങ്ങള്‍ കൃഷ്ണകുമാര്‍ നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ഷക മോര്‍ച്ച നേതാവായിരുന്ന കരിമ്പയില്‍ രവി മരിച്ചപ്പോള്‍ കൃഷ്ണകുമാര്‍ ഒരു റീത്ത് വെക്കാന്‍ പോലും തയ്യാറായില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിച്ചാല്‍ കൃഷ്ണകുമാര്‍ ഫോണ്‍ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാര്‍ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാര്‍ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷ്ണകുമാര്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചു. അന്ന് ആര്‍.എസ്.എസ്. ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയില്‍ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ സാക്ഷിയെ കൂറുമാറ്റിയ ആള്‍ ഇപ്പോള്‍ പാര്‍ട്ടി നേതാവ് ആണ്.
നിരവധി കൊള്ളരുതായമകള്‍ നടക്കുന്നതിനാല്‍ ഈ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. നിരവധി പേര്‍ പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ച് മാറിനില്‍ക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠന്‍ പറഞ്ഞു.