Follow the FOURTH PILLAR LIVE channel on WhatsApp
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ പുതിയ തലവനായി നയിം ഖാസിം തിരഞ്ഞെടുക്കപ്പെട്ടു. മേധാവിയായിരുന്ന ഹസന്‍ നസ്റല്ല ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തലവനെ നിശ്ചയിച്ചത്.
നസ്‌റല്ല കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഹസന്‍ ഖലീല്‍ യാസിനെ ഹിസ്ബുള്ള മേധാവിയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഹിസ്ബുളള രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന യാസിന്‍ സംഘടനയുടെ മേധാവി സ്ഥാനം ഏറ്റെടുത്തു മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടു.
വെളുത്ത തലപ്പാവണിയുന്നതിന്റെ പേരില്‍ ശ്രദ്ധേയനാണ് നയിം ഖാസിം. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ നസ്റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. സംഘടനയുടെ വക്താവ് കൂടിയാണ് ഇദ്ദേഹം.
1953ല്‍ ബെയ്‌റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ല്‍ ഇസ്രായേല്‍ ലബനനെ ആക്രമിച്ചതിനു ശേഷംഹിസ്ബുള്ള രൂപമെടുത്തപ്പോഴുള്ള സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് ഖാസിം. 1992ല്‍ മുതല്‍ ഹിസ്ബുള്ളയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോ-ഓര്‍ഡിനേറ്ററും നയിം ഖാസിം ആയിരുന്നു.