ഔദ്യോഗിക ഫോണ്‍ ഓഫ് ചെയ്ത് സ്വന്തം ഫോണ്‍ ഉപയോഗിച്ചു
തിരുവനന്തപുരം: പൂരപ്പറമ്പില്‍ എ.ഡി.ജി.പിയുടെ സ്‌ട്രൈക്ക് ഫോഴ്‌സിന്റെ സാന്നിദ്ധ്യം എം.ആര്‍.അജിത് കുമാറിന് വിനയാകും. പ്രശ്‌ന ബാധിത പ്രദേശമാണെന്ന് ബോദ്ധ്യപ്പെടുന്ന സാഹചര്യത്തിലാണ് എ.ഡി.ജി.പിയുടെ സ്‌ട്രൈക്ക് ഫോഴ്‌സിനെ നിയോഗിക്കുക. നേരിട്ട് എ.ഡി.ജി.പിയുടെ നിയന്ത്രണത്തിലായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. തൃശ്ശൂര്‍ പൂരം നടക്കുന്ന ദിവസം അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ സാദ്ധ്യയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളൊന്നും ഇല്ലാതിരുന്നിട്ടും എം.ആര്‍.അജിത് കുമാര്‍ സ്‌ട്രൈക്ക് ഫോഴ്‌സിനെ നിയോഗിച്ചതാണ് സംശങ്ങള്‍ക്കിട നല്‍കുന്നത്. സ്‌ട്രൈക്ക് ഫോഴ്‌സിന്റെ നിയന്ത്രണമുണ്ടായിരുന്ന ഉദ്യോഗസ്ഥനില്‍ നിന്നു മൊഴിയെടുത്താല്‍ അജിത് കുമാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ കുറിച്ചുള്ള വ്യക്തതയുണ്ടാകും.
തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ അന്വേഷണത്തില്‍ സ്‌ട്രൈക്ക് ഫോഴ്‌സിന്റെ സാന്നിദ്ധ്യം വിശദമായി പരിശോധിക്കും. ഇതിനു പുറമെ വിവാദ സംഭവങ്ങളുണ്ടായതിന് ശേഷം അജിത് കുമാര്‍ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തൃശ്ശൂരില്‍ ഉണ്ടായിരുന്നിട്ടും സംഭവ സ്ഥലത്തേയ്ക്ക് എത്താനും തയ്യാറായില്ല. സംഭവം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി അജിത് കുമാറിനെ അറിയിച്ചിരുന്നു. ഇതിന് പുറമെ വയര്‍ലെസ് സന്ദേശവും അജിത് കുമാറിന് ലഭിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ സംബന്ധിച്ച പരിശോധനകള്‍ നടക്കുകയാണെങ്കില്‍ എം.ആര്‍.അജിത് കുമാര്‍ കൂടുതല്‍ കുരുക്കിലാകും. ഔദ്യോഗിക ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും സ്വകാര്യ ഫോണ്‍ ഉപയോഗിച്ചിരുന്നു. ടവര്‍ ലൊക്കേഷനും ഫോണ്‍ കോള്‍ ഡീറ്റയ്ല്‍സും പരിശോധിക്കുകയാണെങ്കില്‍ ഇതു വ്യക്തമാകും. സ്വന്തം ഫോണിനു പുറനെ ഗണ്‍മാന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നു.