ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കെതിരായ നിയമ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന് പിന്നില്‍ സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങള്‍ തെറ്റായ കണക്കുകള്‍ നല്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വാര്‍ത്ത നല്കിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നശീകരണ മാധ്യമ പ്രവര്‍ത്തനമാണ് ദൃശ്യ മാധ്യമങ്ങള്‍ നടത്തിയതെന്ന പരാമര്‍ശമടക്കം നടത്തി രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി തുടര്‍ നടപടികള്‍ ആലോചിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കേസ് ഹൈക്കോടതിയിലെത്തിയാല്‍ അവിടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനാണ് തീരുമാനം. തുടര്‍ന്ന് കോടതി ഏതെങ്കിലും തരത്തിലുള്ള നടപടി നിര്‍ദ്ദേശിച്ചാല്‍ മാത്രമെ കേസടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുകയുള്ളൂ.
Follow the FOURTH PILLAR LIVE channel on WhatsApp
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസിലും ശക്തമായ തുടര്‍ നടപടികള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിനെതിരെ പി.വി.അന്‍വര്‍ നല്കിയ പരാതിയില്‍ അറസ്റ്റ് ഒഴിവായതും സി.പി.എം. കേന്ദ്ര നിലപാടിനെ തുടര്‍ന്നാണ്. അന്‍വറിനെ സി.പി.എം. സംസ്ഥാന നേതൃത്വം ഇത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കോടതി വഴി നേരിട്ട് നടപടിക്കുള്ള നിര്‍ദേശം നല്കാനായാല് മാത്രമെ കടുത്ത നടപടികളുണ്ടാകുകയുള്ളൂ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മംഗളം ചാനലിനെതിരായ കേസും ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. മറ്റു ചാനലുകളുടെ ഇംഗിതത്തിന് വഴങ്ങിയാണ് മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ദീര്‍ഘകാലം ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ചതുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ദേശീയ തലത്തല്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശക്തവും വ്യാപകവുമായ മാധ്യമ വേട്ടയാണ് നടന്നത്. ഈ സംഭവങ്ങളില്‍ മാധ്യമങ്ങള്‍ക്കൊപ്പം നിലകൊണ്ട സി.പി.എം. കേന്ദ്ര നേതൃത്വം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അന്തര്‍ദേശീയ തലത്തില്‍ അടക്കം ഈ വിഷയം ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമങ്ങളില്‍ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ മാധ്യമങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നത് എതിര് പ്രചാരണങ്ങള്‍ക്ക് കാരണമായിരുന്നു.
ആർ.എസ്.എസ്സും സംഘപരിവാര്‍ സംഘടനകളും കേരളത്തിലെ സംഭവങ്ങള്‍ ദേശീയ തലത്തില്‍ അമിത പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതും സി.പി.എമ്മിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്കെതിരായ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്.