‘ഖതരാ… ഖതരാ…’; ‘ഓട്ടം തുള്ളലി’ൽ കാത്തിരിക്കുന്നത് അപകടമോ?

Follow the FOURTH PILLAR LIVE channel on WhatsApp 

‘ഖതരാ’ എന്ന ഹിന്ദി വാക്കിന്റെ അർഥം അപകടം. അപ്പോൾ ‘ഖതരാ… ഖതരാ…’ എന്ന് ആവർത്തിച്ചുപറയുന്ന ‘ഓട്ടം തുള്ളലി’ന്റെ പുതിയ പ്രൊമോ ഗാനം എന്താണ് സൂചിപ്പിക്കുന്നത്? നർമം നിറഞ്ഞ നാട്ടിൻപുറക്കഥയ്ക്കുള്ളിൽ കഥാപാത്രങ്ങളെ കാത്തിരിക്കുന്നത് ഏതെങ്കിലും അപകടമാണോ, അതോ അവരുടെ കുസൃതികളും കുരുക്കുകളും തന്നെയാണോ ഈ ‘ഖതരാ’യ്ക്ക് പിന്നിൽ? സിനിമയുടെ കഥയെക്കുറിച്ചുള്ള കൗതുകം കൂട്ടിക്കൊണ്ടാണ് ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളലി’ന്റെ പുതിയ പ്രൊമോ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷമായാണ് ‘ഖതരാ… ഖതരാ…’ എന്നു തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വരികളിലും ഈണത്തിലും ആലാപനത്തിലും അഭിനേതാക്കളുടെ വേഷപ്പകർച്ചയിലും അവതരണത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന ഗാനം സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

മുത്തുവിന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മുത്തു, അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തികച്ചും നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും ബന്ധങ്ങളും നർമത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു ഭാവം നൽകുന്നതാണ് പ്രൊമോ ഗാനം. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാഘവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, ഹരിശ്രീ അശോകൻ, ബിനു ശിവറാം എന്നിവരാണ് പ്രൊമോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഒരു ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥ നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഓട്ടം തുള്ളൽ’. സാധാരണ ജീവിതത്തിൽ കണ്ടുമുട്ടുന്ന പല സ്വഭാവക്കാരായ മനുഷ്യരെയും അവരുടെ ചെറുതും വലുതുമായ പ്രശ്നങ്ങളെയും രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ എന്നിവർ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരാണ്.

വിജയരാഘവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ടിനി ടോം, മനോജ് കെ.യു., ബിനു ശിവറാം എന്നിവർക്കൊപ്പം ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത്, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ.ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിബിൻ ജോർജും സുപ്രധാനമായൊരു വേഷത്തിലെത്തുന്നു.

ബിനു ശശിറാമിന്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി.ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. സജു പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാർ. അജി മസ്കറ്റാണ് സ്റ്റിൽസ് നിർവഹിക്കുന്നത്. വാഴൂർ ജോസാണ് പി.ആർ.ഒ. റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

ഗുഡ് ഫെല്ലാസ് റിലീസ് സെപ്റ്റംബർ 18ന് ‘ഓട്ടം തുള്ളൽ’ തിയേറ്ററുകളിലെത്തിക്കും. ചിത്രം മുഴുവൻ നർമത്തിന്റെ വഴിയിലൂടെയാണോ സഞ്ചരിക്കുക, അതോ ‘ഖതരാ… ഖതരാ…’ എന്ന പ്രൊമോ ഗാനം സൂചിപ്പിക്കുന്നതുപോലെ ചിരിക്ക് പിന്നിൽ മറ്റൊരു ‘അപകടം’ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ റിലീസ് വരെ കാത്തിരിക്കണം.

COMMENT

Recent Articles

Related Articles

Special