കുഴൽനാടന്റെ പരാതി കോടതി തള്ളിയത് എന്തുകൊണ്ട്? ‘ഒരു കഷണം രേഖ പോലും ഇല്ല’

Follow the FOURTH PILLAR LIVE channel on WhatsApp 

സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടിൽ കേരള പൊലീസ് കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം വന്നതോടെ 2 വർഷം മുമ്പ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നടന്ന ഒരു നിയമപോരാട്ടം വീണ്ടും പ്രസക്തമാകുകയാണ്. പിണറായി വിജയൻ, മകൾ ടി.വീണ, അവരുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവി റവാഡ എ.ചന്ദ്രശേഖറിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരമാണ് 25 പേജുള്ള റിപ്പോർട്ടും അനുബന്ധ വിവരങ്ങളും കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുന്നതിനുപകരം നിയമപരമായ പരിശോധനയ്ക്കുശേഷം തുടർനടപടി തീരുമാനിക്കാനാണ് സർക്കാർ നീക്കം. ഡി.ജി.പി. റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തേടിയിട്ടുണ്ട്. റിപ്പോർട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പരിശോധനയ്ക്ക് വിടുന്നതടക്കമുള്ള വഴികളും പരിഗണിക്കപ്പെടാം. എന്നാൽ വിജിലൻസിന് കൈമാറാൻ അന്തിമ തീരുമാനമായെന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. റിപ്പോർട്ട് പരിശോധിച്ചും നിയമോപദേശം നേടിയുമാകും തുടർനടപടിയെന്നാണ് ഡി.ജി.പി. വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെയാണ് മാത്യു കുഴൽനാടൻ നേരത്തേ നടത്തിയ നിയമപോരാട്ടത്തിന്റെ പ്രസക്തി. ഇതേ സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അഴിമതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴൽനാടൻ 2024ൽ തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ വേദികളിൽ ഉന്നയിച്ച ആരോപണം മാത്രമായിരുന്നില്ല Crl.M.P. No.326/2024. തോട്ടപ്പള്ളി ധാതുമണൽ, കെ.ആർ.ഇ.എം.എല്ലിന്റെ ഭൂമിയിളവ്, വീണയ്ക്കും എക്സാലോജിക്കിനും നൽകിയ 1.72 കോടി രൂപ എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനായി 28 രേഖകളാണ് അദ്ദേഹം കോടതിയിൽ എത്തിച്ചത്.

ആ രേഖകളിലെ ഓരോ പ്രധാന ആരോപണവും വിജിലൻസ് കോടതി പരിശോധിച്ചു. പരാതിക്കാരന് കൂടുതൽ അവസരം നൽകാൻ ഒരിക്കൽ ഉത്തരവിനായി മാറ്റിവച്ച കേസ് വീണ്ടും തുറന്നു. 3 നിർണായക ചോദ്യങ്ങൾ നേരിട്ട് ചോദിച്ചു. എന്നിട്ടും ആരോപിച്ച അഴിമതിക്കുറ്റം രൂപപ്പെടുന്ന വസ്തുതകൾ പരാതിയിലും രേഖകളിലും ഇല്ലെന്ന് കണ്ടെത്തിയാണ് 2024 മേയ് 6ന് തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കോടതിയിലെ 2024 മേയ് 6ന് എൻക്വയറി കമ്മിഷണറും സ്പെഷ്യൽ ജഡ്ജുമായ എം.വി.രാജകുമാര 30 പേജുള്ള ഉത്തരവിലൂടെ ഈ പരാതി തള്ളിയത്.

ഈ ഉത്തരവ് വായിച്ചാൽ ഒരു കാര്യം വ്യക്തമാണ്. കോടതി പരിശോധിച്ചത് ‘മാസപ്പടി’ എന്ന രാഷ്ട്രീയ പ്രയോഗമല്ല. സി.എം.ആർ.എൽ. വീണയ്ക്കും എക്സാലോജിക്കിനും നൽകിയ പണം പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്ന് സ്ഥാപിക്കാൻ പരാതിയിൽ വസ്തുതകളുണ്ടോ, അതിനു പകരമായി സി.എം.ആർ.എല്ലിനോ അനുബന്ധ സ്ഥാപനത്തിനോ സർക്കാർ എന്തെങ്കിലും പ്രത്യേക ആനുകൂല്യം നൽകിയിട്ടുണ്ടോ എന്നതായിരുന്നു കേന്ദ്രചോദ്യം. കുഴൽനാടൻ ആ ആനുകൂല്യമായി പ്രധാനമായും രണ്ടു കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന് തോട്ടപ്പള്ളി സ്പിൽവേയിൽനിന്നുള്ള ധാതുമണൽ. രണ്ടാമത്തേത് സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധിയിൽ ഇളവ് നൽകാനുള്ള നീക്കം. രണ്ടിലും കോടതി ചോദിച്ച ഒരേയൊരു ചോദ്യം ഇതായിരുന്നു: കൈക്കൂലിക്ക് പകരമായി നൽകിയെന്ന് പറയുന്ന ആനുകൂല്യം എവിടെ? അതിനുള്ള രേഖ പരാതിയിൽ കണ്ടെത്താനായില്ലെന്നാണ് അന്തിമ ഉത്തരവ്.

കുഴൽനാടൻ അവിടെ അവസാനിപ്പിച്ചില്ല. ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ ഹർജി നൽകി. 2025 മാർച്ച് 28ന് ജസ്റ്റിസ് കെ.ബാബു വിജിലൻസ് കോടതി ഉത്തരവിന്റെ അന്തിമഫലം ശരിവച്ചു. പരാതിയിലെ വസ്തുക്കൾ സംശയം ഉയർത്താമെങ്കിലും ആരോപിച്ച കുറ്റം രൂപപ്പെടുത്തുന്ന വസ്തുതകളല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. അതേസമയം പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വിജിലൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി നീക്കംചെയ്തു. മതിയായ പുതിയ വസ്തുക്കൾ ലഭിച്ചാൽ പുതിയ പരാതി നൽകുന്നതിനും തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമായി പറഞ്ഞു.

തുടർന്ന് കുഴൽനാടൻ സുപ്രീംകോടതിയിലെത്തി. 2025 ഒക്ടോബർ 6ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹർജി തള്ളി. രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കോടതിയെ വേദിയാക്കരുതെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെടുകയും ചെയ്തു.

അതുകൊണ്ട് ഇപ്പോഴത്തെ ചോദ്യം പഴയ ആരോപണം വീണ്ടും ആവർത്തിക്കുമോ എന്നതല്ല. വിജിലൻസ് കോടതി നേരത്തേ കണ്ടെത്താനാകാതെ പോയ ‘പണം നൽകിയതും സർക്കാർ പ്രത്യുപകാരം ചെയ്തതും തമ്മിലുള്ള ബന്ധം’ തെളിയിക്കുന്ന പുതിയ, നിയമപരമായി നിലനിൽക്കുന്ന രേഖകൾ ഇ.ഡിയുടെ 25 പേജുള്ള റിപ്പോർട്ടിലുണ്ടോ എന്നതാണ്.

7 എതിർകക്ഷികൾ

മാത്യു കുഴൽനാടന്റെ പരാതിയിൽ ഒന്നാം എതിർകക്ഷി പിണറായി വിജയനായിരുന്നു. സി.എം.ആർ.എൽ., അതിന്റെ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ്, എക്സാലോജിക് സൊല്യൂഷൻസ്, ടി.വീണ എന്നിവരായിരുന്നു മറ്റ് എതിർകക്ഷികൾ.

അഴിമതി നിരോധന നിയമത്തിലെ 13(1)(ബി), ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന സംബന്ധിച്ച 120 ബി, പൊതുവായ ഉദ്ദേശ്യം സംബന്ധിച്ച 34 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പരാതിയിൽ ആരോപിച്ചത്.

പരാതിയുടെ കേന്ദ്രത്തിൽ 1.72 കോടി

2024ലെ കുഴൽനാടൻ പരാതിയുടെ ആദ്യ കണ്ണി വീണയ്ക്കും എക്സാലോജിക്കിനും സി.എം.ആർ.എൽ. നൽകിയ പണമായിരുന്നു. 2016 ഡിസംബറിൽ സി.എം.ആർ.എൽ. വീണയുമായി ഐടി–മാർക്കറ്റിങ് കൺസൾട്ടൻസി സേവനത്തിനായി കരാറുണ്ടാക്കി. 2017 മാർച്ചിൽ എക്സാലോജിക്കുമായും സോഫ്റ്റ്‌വെയർ സേവനത്തിനായി മറ്റൊരു കരാറുണ്ടാക്കി. വീണയ്ക്ക് മാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് മാസം 3 ലക്ഷം രൂപയും നൽകാനായിരുന്നു കരാർ. ഇങ്ങനെ ആകെ 1.72 കോടി രൂപ ലഭിച്ചെന്നും സേവനം ലഭിച്ചില്ലെന്നുമായിരുന്നു കുഴൽനാടന്റെ ആരോപണം. ഈ തുക വീണയ്ക്കും എക്സാലോജിക്കിനും നൽകിയതിലൂടെ യഥാർഥത്തിൽ പിണറായി വിജയനെയാണ് സി.എം.ആർ.എൽ. അനധികൃതമായി സഹായിച്ചതെന്നാണ് പരാതിയിൽ പറഞ്ഞത്.

2019ൽ സി.എം.ആർ.എൽ. ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയും തുടർന്നുള്ള ഇൻകം ടാക്സ് സെറ്റിൽമെന്റ് നടപടികളുമായിരുന്നു പരാതിയുടെ പ്രധാന അടിസ്ഥാനങ്ങളിലൊന്ന്. സി.എം.ആർ.എല്ലിന്റെ ചീഫ് ഫിനാൻസ് ഓഫീസറുടെ മൊഴിയിൽ വീണയോ എക്സാലോജിക്കോ സേവനം നൽകിയില്ലെന്നും വിവിധ രാഷ്ട്രീയകക്ഷികളിലെ പ്രവർത്തകർ, മാധ്യമങ്ങൾ, പൊലീസ് തുടങ്ങിയവർക്ക് കമ്പനിയുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി പണം നൽകിയിരുന്നുവെന്നും പറഞ്ഞതായി പരാതി ഉദ്ധരിച്ചു.

പക്ഷേ ഇവിടെനിന്ന് അടുത്ത കണ്ണിയിലേക്ക് എത്തണമായിരുന്നു. പണം കൊടുത്തതിന് പകരമായി സി.എം.ആർ.എല്ലിന് പിണറായി വിജയൻ എന്ത് നൽകി? കുഴൽനാടൻ 2 കാര്യങ്ങളാണ് അതിന് മറുപടിയായി കോടതിയിൽ അവതരിപ്പിച്ചത്. അതിനു മുമ്പ് സി.എം.ആർ.എല്ലിന്റെ ധാതുമണൽ പശ്ചാത്തലം അറിയണം.

സി.എം.ആർ.എല്ലിന് ധാതുമണൽ വേണം

സി.എം.ആർ.എല്ലിന് വർഷത്തിൽ ഏകദേശം 1 ലക്ഷം മെട്രിക് ടൺ ഇൽമനൈറ്റ് ആവശ്യമാണ്. ഇത് ആവശ്യമായ അളവിൽ ലഭിക്കാതായതോടെ വിദേശത്തുനിന്ന് അസംസ്കൃത വസ്തു ഇറക്കുമതി ചെയ്യേണ്ടിവന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ധാതുമണൽ ഖനനം ആരംഭിക്കാനായി 2001ൽ കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡ് —കെ.ആർ.ഇ.എം.എൽ. — രൂപവത്കരിച്ചു.

2004 സെപ്റ്റംബറിൽ കെ.ആർ.ഇ.എം.എല്ലിന് 4 ഖനന പാട്ടങ്ങൾ അനുവദിച്ചെങ്കിലും 10 ദിവസത്തിനകം സംസ്ഥാന സർക്കാർ അവ റദ്ദാക്കി. പിന്നീട് മറ്റു ഖനന അപേക്ഷകളും സർക്കാർ നിരസിച്ചു. കേന്ദ്ര ഖനന മന്ത്രാലയത്തിലെ പുനഃപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്തോട് വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിട്ടും സംസ്ഥാന സർക്കാർ പഴയ നിലപാട് ആവർത്തിച്ചു. പിന്നീട് ഇതിനെച്ചൊല്ലി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നടന്നു.

ഇതിനിടെ 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ആറ്റോമിക് മിനറൽ കൺസഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി. ബീച്ച് സാൻഡ് മിനറൽസ് സ്വകാര്യ കമ്പനികൾക്ക് ഖനനം ചെയ്യാനാവാത്ത സാഹചര്യമുണ്ടായി. 2019 മാർച്ചിൽ ചീഫ് കൺട്രോളർ ഓഫ് മൈൻസ് സ്വകാര്യ കമ്പനികളുടെ നിലവിലുള്ള ബീച്ച് സാൻഡ് ധാതുഖനന അനുമതികൾ പോലും അവസാനിപ്പിക്കണമെന്ന് നിർദേശിച്ചതായും ഉത്തരവ് പറയുന്നു. അതായത് കെ.ആർ.ഇ.എം.എല്ലിന് നേരിട്ട് സ്വകാര്യ ധാതുമണൽ ഖനനം നടത്താനുള്ള സാധ്യത കേന്ദ്രനയമാറ്റത്തോടെ തന്നെ അടഞ്ഞിരുന്നു.

തോട്ടപ്പള്ളിയാണ് ആദ്യ ‘പ്രത്യുപകാരം’ എന്ന് ആരോപണം

കുഴൽനാടന്റെ പരാതിയിലെ ആദ്യത്തെ പ്രധാന ആരോപണം തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ടതായിരുന്നു. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽവേയുടെ അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ട നീക്കാൻ തീരുമാനിച്ചു. 2019 മേയ് 31ലെ ഉത്തരവനുസരിച്ച് കെ.എം.എം.എല്ലിന് ധാതുമണൽ നീക്കംചെയ്യാൻ അനുമതി നൽകി. ഒരു ഘനമീറ്ററിന് 464.55 രൂപ എന്ന നിരക്കാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് കുറഞ്ഞ നിരക്കാണെന്നും അവിടെനിന്നുള്ള ധാതുക്കൾ ഒടുവിൽ സി.എം.ആർ.എല്ലിന് ലഭിച്ചെന്നും അതുവഴി കമ്പനിക്ക് സർക്കാർ ആനുകൂല്യം നൽകിയെന്നുമായിരുന്നു കുഴൽനാടന്റെ വാദം.

എന്നാൽ രേഖകൾ കോടതി പരിശോധിച്ചപ്പോൾ ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവ് കണ്ടെത്തിയില്ല. കോടതിയുടെ വാക്കുകൾ വളരെ ശക്തമായിരുന്നു: സി.എം.ആർ.എല്ലിന് തോട്ടപ്പള്ളി ധാതുമണൽ ലഭിച്ചതിലൂടെ പ്രത്യേക ആനുകൂല്യം നൽകിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന “ഒരു കഷണം പേപ്പർ പോലും” രേഖകളിൽ കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. കുഴൽനാടൻ ഹാജരാക്കിയ ചില ഇ-വേ ബില്ലുകൾക്ക് ആധികാരികതയില്ലെന്നും അവയിൽ ഏത് ഉത്പന്നമാണ് കൈമാറിയതെന്ന് പോലും വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അവ ശരിയാണെന്ന് കരുതിയാലും ഐ.ആർ.ഇ.എൽ. സി.എം.ആർ.എല്ലിന് ഏതോ ഉത്പന്നം വിറ്റുവെന്ന കാര്യം മാത്രമേ തെളിയുകയുള്ളൂവെന്നും കോടതി പറഞ്ഞു.

‘പൊതുമേഖലാ സ്ഥാപനങ്ങൾ ധാതു വിൽക്കരുതെന്നോ?’

കെ..എം..എം.എൽ. സംസ്ഥാന സർക്കാരിന്റെയും ഐ.ആർ.ഇ.എൽ. കേന്ദ്ര സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളാണ്. ധാതുക്കൾ വേർതിരിച്ചെടുത്ത് ആവശ്യക്കാരായ കമ്പനികൾക്ക് വിൽക്കുകയാണ് അവയുടെ വ്യാപാരപ്രവർത്തനം. സി.എം.ആർ.എല്ലിന് ധാതുക്കൾ സൗജന്യമായി നൽകിയെന്ന് പരാതിയില്ല. വിപണിവിലയിൽനിന്ന് കുറഞ്ഞ നിരക്കിൽ നൽകിയെന്ന കൃത്യമായ ആരോപണവും പരാതിയിൽ ഇല്ലെന്ന് കോടതി പറഞ്ഞു.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനെക്കാൾ കേരളത്തിൽ അസംസ്കൃത വസ്തു ലഭിക്കുമ്പോൾ ചെലവ് കുറയാം. അതിനെ മാത്രം അഴിമതി എന്ന് വിളിക്കാനാവില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. തോട്ടപ്പള്ളി മണൽ നീക്കാനുള്ള സർക്കാർ ഉത്തരവ് നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ടെന്നും ‘സുരേഷ് കുമാർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ അത് നിലനിർത്തിയിട്ടുണ്ടെന്നും വിജിലൻസ് കോടതി രേഖപ്പെടുത്തി. പൊതുമേഖലാ സ്ഥാപനത്തിനാണ് പ്രവർത്തനം ഏൽപ്പിച്ചതെന്നും അതിൽ ദുരുദ്ദേശ്യ ആരോപണം കണ്ടെത്തിയില്ലെന്നും ആ ഹൈക്കോടതി വിധിയിൽ പറഞ്ഞ ഭാഗവും വിജിലൻസ് കോടതി ഉദ്ധരിച്ചു.

രണ്ടാമത്തെ ആരോപണം: കെ.ആർ.ഇ.എം.എല്ലിന് ഭൂമിയിളവ്

രണ്ടാമത്തെ ‘പ്രത്യുപകാരം’ കെ.ആർ.ഇ.എം.എല്ലിന്റെ ഭൂമിയുമായി ബന്ധപ്പെട്ടതായിരുന്നു. കെ.ആർ.ഇ.എം.എൽ. വാങ്ങിയ ഭൂമി കേരള ഭൂപരിഷ്കരണ നിയമത്തിലെ പരമാവധി കൈവശപരിധിക്ക് മുകളിലായതിനാൽ ഭൂമിയിളവിനായി കമ്പനി പലതവണ അപേക്ഷിച്ചിരുന്നു. മുൻ അപേക്ഷകൾ സർക്കാർ നിരസിച്ചിരുന്നു. 2021 ജൂലൈ 5ന് കെ.ആർ.ഇ.എം.എൽ. വീണ്ടും മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. മുഖ്യമന്ത്രി ആ അപേക്ഷ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് “ഉചിതമായ തീരുമാനത്തിനായി” അയച്ചതാണ് കുഴൽനാടൻ അഴിമതിയുടെ രണ്ടാമത്തെ കണ്ണിയായി അവതരിപ്പിച്ചത്. തുടർന്ന് 2022 ജൂൺ 15ന് ആലപ്പുഴ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ കെ.ആർ.ഇ.എം.എല്ലിന് അനുകൂലമായി ഭൂമിയിളവ് ശുപാർശ ചെയ്യാനുള്ള നിലപാടുണ്ടായെന്നും പരാതി പറഞ്ഞു.

പക്ഷേ കോടതി ഈ വാദവും അംഗീകരിച്ചില്ല. ഒരു മന്ത്രിക്ക് കിട്ടുന്ന അപേക്ഷ ബന്ധപ്പെട്ട വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയയ്ക്കുന്നത് സാധാരണ ഭരണനടപടിയാണെന്ന് കോടതി പറഞ്ഞു. “ഉചിതമായ തീരുമാനം എടുക്കുക” എന്ന കുറിപ്പിനെ ഭൂമിയിളവ് അനുവദിക്കണമെന്ന നിർദേശമോ ശുപാർശയോ ആയി വായിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജില്ലാ കളക്ടർ അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ട് മാത്രം അതിനെ മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

യഥാർഥത്തിൽ സർക്കാർ എന്തുചെയ്തു?

ഭൂമിയിളവ് ആരോപണം പരിശോധിക്കുമ്പോൾ കോടതി കണ്ട ഏറ്റവും നിർണായക വസ്തുത മറ്റൊന്നായിരുന്നു. കെ.ആർ.ഇ.എം.എല്ലിന്റെ ഭൂമിയിളവ് അപേക്ഷ സർക്കാർ 2023 ഏപ്രിൽ 28ന് നിരസിച്ചിരുന്നു. കെ.ആർ.ഇ.എം.എൽ. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കി അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു. അതിനുശേഷവും 2023 ഒക്ടോബർ 25ന് സർക്കാർ അപേക്ഷ വീണ്ടും നിരസിച്ചു. വിശദമായ പദ്ധതി റിപ്പോർട്ടുമായി പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് മാത്രമാണ് അന്ന് പറഞ്ഞത്. കുഴൽനാടൻ ഇതും കെ.ആർ.ഇ.എം.എല്ലിന് ഭാവിയിൽ സഹായം നൽകാനുള്ള ‘വാതിൽ’ തുറന്നിട്ടതാണെന്ന് വാദിച്ചു. കോടതി അതും അംഗീകരിച്ചില്ല.

കേരള ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പ് തുടർച്ചയായി അപേക്ഷ നൽകുന്നത് വിലക്കുന്നില്ലെന്നും വാണിജ്യ–വ്യാവസായിക ആവശ്യങ്ങൾക്കുപോലും നിയമം ഇളവിന് അവസരം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിശദമായ പദ്ധതി റിപ്പോർട്ടുമായി വീണ്ടും അപേക്ഷിക്കാമെന്ന് പറഞ്ഞതിനെ അഴിമതിയുടെ തെളിവായി വായിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ നിരീക്ഷണം ഇവിടെ വളരെ ലളിതമാണ്: പിണറായി വിജയന് കെ.ആർ.ഇ.എം.എല്ലിനെ സഹായിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അതിന് 2 തവണ അവസരം ഉണ്ടായിരുന്നു — കളക്ടറുടെ അനുകൂല റിപ്പോർട്ട് ലഭിച്ചപ്പോൾ, പിന്നെ ഹൈക്കോടതി അപേക്ഷ വീണ്ടും പരിഗണിക്കാൻ പറഞ്ഞപ്പോൾ. എന്നാൽ 2 തവണയും സർക്കാരിൽനിന്ന് ഭൂമിയിളവ് ലഭിച്ചില്ല. “ഭാവിയിൽ ഇളവ് നൽകും” എന്ന അനുമാനത്തെ ആശ്രയിച്ച് അഴിമതി പ്രവചിക്കാനാവില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.

കേസ് വീണ്ടും തുറന്ന് ചോദിച്ച 3 ചോദ്യങ്ങൾ

വിജിലൻസ് കോടതി ഉത്തരവിലെ ഏറ്റവും നിർണായകഭാഗം 27-ാം ഖണ്ഡികയാണ്. 2024 ഏപ്രിൽ 19ന് കേസ് ഉത്തരവിനായി മാറ്റിവച്ചിരുന്നു. എന്നാൽ പരാതിക്കാരന് 3 നിർണായക കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം നൽകുന്നതിനായി ജഡ്ജി കേസ് വീണ്ടും തുറന്നു.

ചോദ്യങ്ങൾ ഇവയായിരുന്നു:

    1. കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ നേരിട്ടുള്ള വ്യാപാര ഇടപാട് ഉണ്ടായിരുന്നോ?
    2. വീണയ്ക്കും എക്സാലോജിക്കിനും നൽകിയെന്ന് പറയുന്ന പണത്തിന് പകരമായി സി.എം.ആർ.എല്ലിന് ലഭിച്ച പ്രത്യേക ആനുകൂല്യം എന്താണ്?
    3. കെ.ആർ.ഇ.എം.എല്ലിന് ലാൻഡ് ബോർഡ് ഭൂപരിധി ഇളവ് അനുവദിച്ചിട്ടുണ്ടോ?

തുടർവാദത്തിൽ ഈ 3 ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ പരാതിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ല. കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ നേരിട്ടുള്ള ഇടപാട് തെളിയിക്കപ്പെട്ടില്ല. ഐ.ആർ.ഇ.എൽ. ഇൽമനൈറ്റ് നൽകുന്നു എന്ന വാദമാണ് ഉന്നയിച്ചത്. സി.എം.ആർ.എല്ലിന് ലഭിച്ച പ്രത്യേക ആനുകൂല്യം എന്തെന്ന രണ്ടാമത്തെ ചോദ്യത്തിനും അതേ വാദമാണ് ആവർത്തിച്ചത്. മൂന്നാമത്തെ ചോദ്യത്തിൽ ഭൂമിയിളവ് ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് പരാതിക്കാരൻ തന്നെ സമ്മതിച്ചതായി കോടതി രേഖപ്പെടുത്തി.

ഇതാണ് കേസിന്റെ മർമ്മം. പണം നൽകിയെന്ന ആരോപണമുണ്ട്. പക്ഷേ അതിന് പകരം സർക്കാർ നൽകിയെന്ന് പറയുന്ന ആനുകൂല്യം രേഖകളിലൂടെ ചൂണ്ടിക്കാട്ടാനായില്ല.

28 രേഖകൾ; എന്നിട്ടും ബന്ധം തെളിയിക്കാനായില്ല

പരാതിക്കൊപ്പം ആദ്യം 14 രേഖകളാണ് കുഴൽനാടൻ സമർപ്പിച്ചത്. മാർച്ച് 23ന് 6 രേഖകൾ കൂടി. ഏപ്രിൽ 25ന് 3. മെയ് 2ന് 4 രേഖകൾ. മേയ് 3ന് ഒരെണ്ണം കൂടി. അങ്ങനെ ആകെ 28 രേഖകൾ കോടതിയുടെ മുന്നിലെത്തി. അതെല്ലാം പരിശോധിച്ച ശേഷമാണ് തോട്ടപ്പള്ളി വിഷയത്തിൽ ആരോപണത്തെ പിന്തുണയ്ക്കുന്ന “ഒരു കഷണം രേഖ പോലും” കണ്ടില്ലെന്ന് കോടതി പറഞ്ഞത്. അതിനാൽ രേഖകളുടെ എണ്ണം കുറവായിരുന്നു എന്നതല്ല പരാതി പരാജയപ്പെട്ടതിന്റെ കാരണം. ഹാജരാക്കിയ രേഖകൾ ആരോപണത്തിന്റെ നിർണായക കണ്ണിയായ ‘പണം–പ്രത്യുപകാരം’ ബന്ധം സ്ഥാപിച്ചില്ല എന്നതാണ്.

കോടതി അത് മറ്റൊരിടത്ത് കൂടുതൽ വ്യക്തമായി പറഞ്ഞു. പരാതിയിൽ അഴിമതിയെക്കുറിച്ചുള്ള സംശയങ്ങളും അനുമാനങ്ങളുമുണ്ട്. പക്ഷേ ക്രിമിനൽ നിയമത്തിന് വേണ്ടത് സംശയമല്ല, കുറ്റം രൂപപ്പെടുന്ന വസ്തുതകളാണ്. പരാതിയിലെ കാര്യങ്ങളെ അതേപടി അംഗീകരിച്ചാൽ പോലും ആരോപിച്ച കുറ്റം രൂപപ്പെടുന്നില്ലെന്നായിരുന്നു സ്പെഷൽ ജഡ്ജിയുടെ കണ്ടെത്തൽ.

അവസാനഘട്ടത്തിൽ പുതിയ ആരോപണവും

2024 മേയ് 2നും 3നുമായി നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ കുഴൽനാടൻ മറ്റൊരു ആരോപണം കൂടി മുന്നോട്ടുവെച്ചു. 2004ൽ കെ.ആർ.ഇ.എം.എല്ലിന് അനുവദിച്ച 4 ഖനന പാട്ടങ്ങൾ കേന്ദ്ര നിർദേശത്തിനുശേഷവും റദ്ദാക്കാൻ വൈകിയെന്നും, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയെന്ന പേരിൽ മുഖ്യമന്ത്രി തീരുമാനം നീട്ടിയത് കെ.ആർ.ഇ.എം.എല്ലിനുള്ള സഹായമാണെന്നുമായിരുന്നു വാദം. എന്നാൽ ഇത് ആദ്യ പരാതിയിൽ ഉണ്ടായിരുന്ന ആരോപണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ വസ്തുതാപരമായ അടിത്തറയില്ലാത്ത ഒരു പുതിയ ആരോപണം അവസാനഘട്ടത്തിൽ രേഖകളിലൂടെ കൊണ്ടുവരാനാവില്ലെന്നും സുപ്രീംകോടതി വിധിയെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത് മാത്രം ഒരു സ്വകാര്യകമ്പനിക്ക് നൽകിയ സഹായമായി വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പരാതിയുടെ ഉള്ളടക്കം പരിശോധിച്ചപ്പോൾ കേസ് തോറ്റു

ആദ്യം കുഴൽനാടന്റെ പരാതിയിൽ ക്രിമിനൽ നടപടിക്രമ നിയമത്തിലെ 156(3) പ്രകാരം വിജിലൻസ് അന്വേഷണത്തിന് അയയ്ക്കണമെന്നായിരുന്നു ആവശ്യം. അതിനായി മുൻകൂർ അനുമതി നേടാനുള്ള അപേക്ഷയും നൽകിയിരുന്നു. പിന്നീട് ആ ആവശ്യം പിൻവലിച്ച് കോടതി തന്നെ 200ാം വകുപ്പ് പ്രകാരം പരാതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത് അഴിമതി നിരോധന നിയമപ്രകാരം നടപടി തുടങ്ങുന്നതിന് മുമ്പ് പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു.

എന്നാൽ 2018ൽ ഭേദഗതി ചെയ്ത അഴിമതി നിരോധന നിയമത്തിലെ 19ാം വകുപ്പ് കോടതി വിശദമായി പരിശോധിച്ചു. ഒരു സ്വകാര്യപരാതി ലഭിച്ച ഉടൻ തന്നെ 200ാം വകുപ്പ് പ്രകാരം പ്രാഥമികമായി പരിശോധിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും, പരാതി 203ാം വകുപ്പ് പ്രകാരം തള്ളാതെ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് അനുമതിയുടെ ചോദ്യം വരുന്നതെന്നും സ്പെഷൽ ജഡ്ജി വ്യക്തമാക്കി. അതിനാൽ സാങ്കേതിക കാരണത്താൽ പരാതി തള്ളിയതല്ല. കോടതി പരാതിയുടെ ഉള്ളടക്കം തന്നെ പരിശോധിച്ചു. അവിടെയാണ് കുഴൽനാടന്റെ കേസ് പരാജയപ്പെട്ടത്.

‘സംശയമുണ്ട്’; പക്ഷേ അതു വസ്തുതയല്ല

ഉത്തരവിന്റെ നിയമപരമായ കേന്ദ്രനിരീക്ഷണം 24-ാം ഖണ്ഡികയിലാണ്. ഒരു ക്രിമിനൽ പരാതി കുറ്റം രൂപപ്പെടുന്ന വസ്തുതകൾ അടങ്ങിയിരിക്കണം. സംശയവും അനുമാനവും ആരോപണവും മാത്രം പോര. കുഴൽനാടന്റെ പരാതിയിൽ അഴിമതിയെക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ഉണ്ടെങ്കിലും അഴിമതി നിരോധന നിയമത്തിലെ കുറ്റം രൂപപ്പെടുന്ന ആവശ്യമായ വസ്തുതകൾ ഇല്ലെന്ന് കോടതി കണ്ടെത്തി. പരാതിയിൽ പറഞ്ഞ കാര്യങ്ങളെ മുഖവിലയ്ക്കെടുത്താലും ആരോപിച്ച കുറ്റം രൂപപ്പെടുന്നില്ലെന്നും ഉത്തരവ് വ്യക്തമാക്കി. പണം ലഭിച്ചുവെന്ന ആരോപണത്തിൽനിന്ന് പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന നിഗമനത്തിലേക്കുള്ള തെളിവിന്റെ പാലം പരാതിയിൽ ഇല്ല.

മറ്റുള്ളവർക്ക് നൽകിയ പണം എന്തുകൊണ്ട് പരാതിയിൽ ഇല്ല?

സി.എം.ആർ.എൽ. ചീഫ് ഫിനാൻസ് ഓഫീസറുടെ മൊഴിയിൽ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തകർ, മാധ്യമങ്ങൾ, പൊലീസ് തുടങ്ങിയവർക്ക് പണം നൽകിയതായി പറയുന്നുണ്ടെന്ന് കുഴൽനാടൻ തന്നെ പരാതിയിൽ ഉദ്ധരിച്ചിരുന്നു. ഇവിടെ കോടതി മറ്റൊരു ചോദ്യം ഉയർത്തി. മറ്റുള്ളവർക്കുള്ള പണമിടപാടുകളെക്കുറിച്ച് പരാതിക്കാരന് പരാതിയില്ല. അവർ സി.എം.ആർ.എല്ലിന് എന്തെങ്കിലും സഹായം ചെയ്തുവെന്ന ആരോപണവും ഇല്ല. അവർക്കെതിരെ അന്വേഷണമോ കോടതി നടപടിയോ ആവശ്യപ്പെട്ടിട്ടുമില്ല. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവരെ മാത്രം ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തിന് ബലം ലഭിക്കുന്നതായും വിജിലൻസ് കോടതി പറഞ്ഞു. ഇതിനായി രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട ഒരു മുൻ ഹൈക്കോടതി വിധിയും കോടതി ഉദ്ധരിച്ചു. ഇത് വിജിലൻസ് കോടതിയുടെ അന്നത്തെ നിരീക്ഷണമാണെന്നത് പ്രത്യേകം ഓർക്കണം. തുടർന്ന് ഈ ഉത്തരവിന്റെ വിവിധ ഭാഗങ്ങളാണ് മേൽക്കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടത്.

അന്വേഷണത്തിന് മുമ്പ് കോടതി നോക്കേണ്ടത്

പ്രധാന ഭരണഘടനാ പദവികളിലുള്ളവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം ഉത്തരവിടുമ്പോൾ നിയമപരമായി അംഗീകരിക്കാവുന്ന വ്യക്തമായ വസ്തുതകൾ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി–ഹൈക്കോടതി വിധികളും സ്പെഷൽ ജഡ്ജി ചൂണ്ടിക്കാട്ടി. വെറും സംശയത്തിന്റെ പേരിൽ അന്വേഷണം ആരംഭിക്കുന്നതിൽ കോടതികൾ ജാഗ്രത പാലിക്കണമെന്നായിരുന്നു അവയിൽ പറഞ്ഞതെന്ന് ഉത്തരവ് രേഖപ്പെടുത്തുന്നു.

ഒടുവിൽ കോടതി പറഞ്ഞത്

30 പേജിന്റെ അവസാനത്തിൽ കോടതി എത്തിയത് വളരെ വ്യക്തമായ തീരുമാനത്തിലാണ്: പരാതിയിലും പരാതിക്കാരൻ ഹാജരാക്കിയ രേഖകളിലും ആരോപിച്ച കുറ്റം രൂപപ്പെടുന്നില്ല. അതിനാൽ ക്രിമിനൽ നടപടിക്രമ നിയമത്തിലെ 200ാം വകുപ്പ് പ്രകാരം പോലും തുടർനടപടി സ്വീകരിക്കേണ്ട ആവശ്യമില്ല. പരാതി തള്ളുന്നു.

ഇവിടെ ഒരു വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ഇത് ഒരു സമ്പൂർണ വിചാരണയ്ക്കുശേഷമുള്ള കുറ്റവിമുക്തി വിധിയല്ല. സാക്ഷികളെ വിസ്തരിച്ചും തെളിവുകൾ പരിശോധിച്ചും നടന്ന വിചാരണയുടെ അവസാനം വന്ന വിധിയുമല്ല. കുഴൽനാടൻ സമർപ്പിച്ച പരാതിയും അതിനൊപ്പം നൽകിയ 28 രേഖകളും പരിശോധിച്ച് ഈ വസ്തുതകൾകൊണ്ട് ആരോപിക്കുന്ന അഴിമതിക്കുറ്റം തന്നെ പ്രാഥമികമായി രൂപപ്പെടുന്നുണ്ടോ എന്നാണ് കോടതി നോക്കിയത്. ഉത്തരം ‘ഇല്ല’ എന്നാണ്.

ഹൈക്കോടതിയിലും നിലനിന്ന അടിസ്ഥാന കണ്ടെത്തൽ

വിജിലൻസ് കോടതി വിധിക്കെതിരെ കുഴൽനാടൻ നൽകിയ Crl.R.P. No.588/2024 ഹൈക്കോടതി വിശദമായി പരിശോധിച്ചു. വിജിലൻസ് കോടതി തെറ്റായ നടപടിക്രമം സ്വീകരിച്ചു, പരാതിക്കാരനെ സത്യപ്രതിജ്ഞ ചെയ്ത് പരിശോധിച്ചില്ല, പബ്ലിക് പ്രോസിക്യൂട്ടറെ ഇടപെടാൻ അനുവദിച്ചു, പ്രാഥമികഘട്ടത്തിൽ തന്നെ ‘മിനി വിചാരണ’ നടത്തി തുടങ്ങിയ വാദങ്ങളാണ് കുഴൽനാടൻ ഉന്നയിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടറുടെ ഇടപെടൽ ശരിയായിരുന്നില്ലെന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വിജിലൻസ് കോടതിയുടെ പരാമർശം അനാവശ്യമായിരുന്നുവെന്നും ഹൈക്കോടതി കണ്ടെത്തി. ആ പരാമർശം റദ്ദാക്കുകയും ചെയ്തു. പക്ഷേ കേസിന്റെ കേന്ദ്രകാര്യത്തിൽ ഹൈക്കോടതി കുഴൽനാടനെ അംഗീകരിച്ചില്ല. സി.എം.ആർ.എൽ. ഉദ്യോഗസ്ഥന്റെ ഡയറി/ലൂസ് ഷീറ്റ് എൻട്രികൾ പതിവായി സൂക്ഷിക്കുന്ന അക്കൗണ്ട് പുസ്തകങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും മറ്റൊരു വിശ്വസനീയ തെളിവിന്റെ പിന്തുണയില്ലാതെ അവയെ ആശ്രയിച്ച് ക്രിമിനൽ നടപടി തുടങ്ങാനാകില്ലെന്നും കോടതി വിലയിരുത്തി. കുഴൽനാടൻ ഹാജരാക്കിയ വസ്തുക്കൾ ‘സംശയം’ ഉണ്ടാക്കുന്നവയായിരിക്കാം; ആരോപിച്ച കുറ്റം രൂപപ്പെടുത്തുന്ന ‘വസ്തുതകൾ’ അല്ലെന്നായിരുന്നു ഹൈക്കോടതിയുടെ അന്തിമനിഗമനം. അതോടൊപ്പം ഒരു വാതിൽ തുറന്നിട്ടുമുണ്ട്: മതിയായ പുതിയ രേഖകളുണ്ടെങ്കിൽ പുതിയ പരാതി നൽകാം.

സുപ്രീംകോടതിയിലും ഫലം മാറിയില്ല

ഹൈക്കോടതി വിധിക്കെതിരെ 2025 ഒക്ടോബറിൽ കുഴൽനാടൻ സുപ്രീംകോടതിയിലെത്തി. Diary No.33761/2025 എന്ന ഹർജി 2024 ഒക്ടോബർ 6ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് പരിഗണിച്ചു. ഹൈക്കോടതി വിധിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല; ഹർജി തള്ളി. അങ്ങനെ വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിങ്ങനെ 3 തലങ്ങളിലായുള്ള നിയമപോരാട്ടത്തിൽ നിലവിലുണ്ടായിരുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന കുഴൽനാടന്റെ ആവശ്യം വിജയിച്ചില്ല.

ഇനി ഇ.ഡി. തെളിയിക്കേണ്ടത് എന്ത്?

അതുകൊണ്ടുതന്നെ ഇ.ഡിയുടെ പുതിയ നീക്കത്തെ വിലയിരുത്തേണ്ടത് രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലല്ല. ഇ.ഡിയുടെ ഇപ്പോഴത്തെ റിപ്പോർട്ട് 2024ലെ കുഴൽനാടൻ പരാതിയുടെ പകർപ്പാണെന്നു പറയാനാവില്ല. പഴയ പരാതിയിൽ 1.72 കോടി രൂപയും തോട്ടപ്പള്ളി–ഭൂമിയിളവ് ആരോപണങ്ങളുമായിരുന്നു പ്രധാനമായിരുന്നത്. ഇപ്പോഴത്തെ ഇ.ഡി. റിപ്പോർട്ടിൽ കൂടുതൽ തുക, മറ്റ് വ്യക്തികൾ, പണമൊഴുക്കിന്റെ പുതിയ വഴികൾ, ഡിജിറ്റൽ രേഖകൾ തുടങ്ങിയ പുതിയ ആരോപണങ്ങളും തെളിവുകളുമുണ്ടെന്നാണ് ഏജൻസി അവകാശപ്പെടുന്നത്. അവ ഇപ്പോഴും ഇ.ഡിയുടെ ആരോപണങ്ങളാണ്; കോടതി പരിശോധിച്ച് സ്ഥിരീകരിച്ച വസ്തുതകളല്ല.

അതേസമയം ഹൈക്കോടതി തന്നെ പുതിയ തെളിവുകളോടെ പുതിയ നടപടി തടഞ്ഞിട്ടില്ല. അതിനാൽ വിജിലൻസ് ഈ റിപ്പോർട്ട് പരിശോധിക്കുകയാണെങ്കിൽ പഴയ കേസിലെ കോടതി ഉത്തരവ് ഒഴിവാക്കി നടക്കാനാവില്ല. മറിച്ച് അതാണ് പരിശോധനയുടെ ആദ്യ അളവുകോൽ.

സി.എം.ആർ.എല്ലിൽനിന്ന് പണം പോയി എന്നത് മാത്രം മതിയാവില്ല. ആ പണം കൈക്കൂലിയാണെന്നതിന് സ്വതന്ത്രവും നിയമപരമായി സ്വീകരിക്കാവുന്നതുമായ തെളിവെന്ത്? അതിന് പകരമായി പിണറായി വിജയൻ ഔദ്യോഗിക പദവി ഉപയോഗിച്ച് എടുത്ത പ്രത്യേക തീരുമാനം ഏത്? ആ തീരുമാനത്തിലൂടെ സി.എം.ആർ.എല്ലിനോ അനുബന്ധ സ്ഥാപനത്തിനോ ലഭിച്ച അസാധാരണ ആനുകൂല്യം എന്ത്?

2024ൽ മാത്യു കുഴൽനാടനോട് വിജിലൻസ് കോടതി ചോദിച്ച ചോദ്യങ്ങളുടെ സാരം ഇതായിരുന്നു. അന്ന് 28 രേഖകൾക്കും അതിന് ഉത്തരം നൽകാനായില്ല. ഇപ്പോൾ ഇ.ഡിയുടെ 25 പേജിന് കഴിയുമോ? സി.എം.ആർ.എൽ. കേസിന്റെ പുതിയ ഘട്ടത്തിൽ പരിശോധിക്കപ്പെടേണ്ട യഥാർഥ ചോദ്യം അതാണ്.

 


മാത്യു കുഴൽനാടൻ സമ‍ർപ്പിച്ച പരാതിയിന്മേലുള്ള വിജിലൻസ് കോടതി ഉത്തരവ്

COMMENT

Recent Articles

Related Articles

Special