‘ലഹരിവേട്ടയിൽ കേരളം രാജ്യത്തിന് മാതൃകയായിരുന്നു’; ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായി വിജയൻ

Follow the FOURTH PILLAR LIVE channel on WhatsApp 

എൽ.ഡി.എഫ്. സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് 500 ഗ്രാം എം.ഡി.എം.എ. പോലും പിടികൂടാനായില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽ.ഡി.എഫ്. ഭരണകാലത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കേന്ദ്രസർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും വസ്തുതകൾ പരിശോധിച്ചശേഷം ഉത്തരവാദിത്വത്തോടെ സംസാരിക്കാൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു.

2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എം.ഡി.എം.എയുടെ ഉറവിടം അന്വേഷിച്ച കേരള പൊലീസ് ഹൈദരാബാദിലെ കുക്കട്പള്ളിയിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിനിർമാണ കേന്ദ്രം കണ്ടെത്തി പൂട്ടിച്ചതായി പിണറായി ചൂണ്ടിക്കാട്ടി. സിനിമാ നിർമാതാവ് നടത്തിയിരുന്ന ലാബിൽനിന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനുപോലും കണ്ടെത്താനാകാതിരുന്ന ശൃംഖലയാണ് കേരള പൊലീസ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2025 ഫെബ്രുവരി 3ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടിയും പിണറായി ഉദ്ധരിച്ചു. 2022 മുതൽ മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച സംസ്ഥാനങ്ങളിൽ കേരളം മുൻനിരയിലായിരുന്നുവെന്നും ലഹരിക്കേസുകളിലെ അറസ്റ്റുകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടിയോളം അറസ്റ്റുകൾ കേരളത്തിൽ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 ഡിസംബർ 22ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം കേരളത്തിലെ എൻ.ഡി.പി.എസ്. കേസുകളുടെ ശിക്ഷാനിരക്ക് 98 ശതമാനത്തിലേറെയായിരുന്നുവെന്നും ദേശീയ ശരാശരി 78 ശതമാനമായിരുന്നപ്പോൾ തെലങ്കാനയിലെ നിരക്ക് 25 ശതമാനം മാത്രമായിരുന്നുവെന്നും പിണറായി പറഞ്ഞു. 2021 മുതൽ 2025 വരെ കേരള പൊലീസ് 1,26,855 എൻ.ഡി.പി.എസ്. കേസുകൾ രജിസ്റ്റർ ചെയ്തതായും കർശന നിരീക്ഷണവും ‘ഓപ്പറേഷൻ ഡി-ഹണ്ട്’ ഉൾപ്പെടെയുള്ള നടപടികളും മൂലം കേസ് രജിസ്ട്രേഷനിൽ വലിയ വർധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷത്തിനിടെ എക്സൈസ് വകുപ്പ് 41,946 എൻ.ഡി.പി.എസ്. കേസുകളും 4,18,403 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എം.ലിജു 2026 ജൂൺ 23ന് നിയമസഭയിൽ നൽകിയ മറുപടിയും പിണറായി ഉദ്ധരിച്ചു. 17,587 കിലോയിലധികം കഞ്ചാവ്, 33 കിലോയിലധികം എം.ഡി.എം.എ., 65 കിലോയിലധികം ഹാഷിഷ് എന്നിവ ഇക്കാലയളവിൽ പിടിച്ചെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2018ൽ കൊച്ചിയിൽ നടന്ന 5 കിലോ എം.ഡി.എം.എ. വേട്ടയും 2023ൽ ആൻഡമാൻ നിക്കോബാറുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ വൻ ലഹരിപിടിത്തവും ‘ഓപ്പറേഷൻ ഡി-ഹണ്ട്’ ഉൾപ്പെടെയുള്ള നടപടികളും മുൻ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണെന്നും പിണറായി പറഞ്ഞു.

‘ഓപ്പറേഷൻ തൂഫാനെ എതിർത്തിട്ടില്ല’

നിലവിലെ സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ടയെ പ്രതിപക്ഷം എതിർത്തിട്ടില്ലെന്നും പൂർണ പിന്തുണയാണ് നൽകിയതെന്നും പിണറായി വ്യക്തമാക്കി. എന്നാൽ കാസറഗോഡ് രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര എം.ഡി.എം.എ. കേസിലെ അന്വേഷണത്തിൽ ഇടപെടലുണ്ടായെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ ഏകോപനവുമായി ബന്ധപ്പെട്ട ഒരാൾ പ്രതിയായ കേസിൽ ശാസ്ത്രീയ തെളിവെടുപ്പ് തടസ്സപ്പെടുത്താൻ ഉന്നതതല ശ്രമമുണ്ടായെന്നാണ് പിണറായിയുടെ ആരോപണം. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കുന്നതിലും ബംഗളൂരുവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തം ആളുകൾ കേസിൽ ഉൾപ്പെട്ടപ്പോൾ അന്വേഷണം അട്ടിമറിക്കുകയും പിന്നീട് ‘ഓപ്പറേഷൻ തൂഫാന്റെ’ പേരിൽ പ്രചാരണം നടത്തുകയും ചെയ്യുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഈ വിഷയമാണ് പ്രതിപക്ഷം ഉയർത്തുന്നതെന്നും അതിനെ ലഹരിവിരുദ്ധ നടപടികൾക്കെതിരായ വിമർശനമായി ചിത്രീകരിച്ച് യഥാർഥ പ്രശ്നത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസറഗോഡ് കേസിൽ ആഭ്യന്തരവകുപ്പിനുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും ആഭ്യന്തരമന്ത്രി നിസ്സഹായനാണെന്നും പിണറായി ആരോപിച്ചു. “വസ്തുതകൾ പരിശോധിച്ച് ഉത്തരവാദിത്വബോധത്തോടെ ആഭ്യന്തരമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷ” എന്നും അദ്ദേഹം പറഞ്ഞു.

COMMENT

Recent Articles

Related Articles

Special