KERALAM ആക്കുമ്പോൾ കുളം ആകാതെ നോക്കണേ!

Follow the FOURTH PILLAR LIVE channel on WhatsApp 

സ്ഥാപനങ്ങളുടെ പേരിലും ഭരണഘടനയിലുമെല്ലാം KERALA എന്നത് KERALAM എന്നു മാറ്റാനുള്ള ബില്ലു വന്നതായി വാർത്ത കണ്ടു. കേരളനിയമസഭ ഇതിലുള്ള അഭിപ്രായം അറിയിക്കുമ്പോൾ ഇംഗ്ലിഷ്, മലയാളം ഭാഷാവിദഗ്ദ്ധരുടെ അഭിപ്രായംകൂടി തേടിയിട്ടുവേണം തീരുമാനം എടുക്കാൻ.

ഇപ്പോൾ വരാൻപോകുന്ന ഭേദഗതിക്കുമുമ്പും സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ കേരളം എന്നുതന്നെയാണ്. ഇംഗ്ലിഷിലാണ് സംസ്ഥാനനാമം KERALA എന്നുള്ളത്. അതാണു KERALAM എന്നു മാറ്റേണ്ടത്. അക്കാര്യത്തിൽ വ്യക്തത വേണം. അല്ലെങ്കിൽ പല സ്ഥാപനങ്ങളുടെയും പദവികളുടെയുമൊക്കെ പേരുകൾ മഹാവിലക്ഷണമായി മാറും. ഉദാ: കേരളം സംസ്ഥാനം, കേരളം മുഖ്യമന്ത്രി, കേരളം നിയമസഭാസ്പീക്കർ, കേരളം ഹൈക്കോടതി, കേരളം സർവ്വകലാശാല, കേരളം ആഭ്യന്തരമന്ത്രി എന്നെല്ലാം ആയിപ്പോകും. ഇവയ്ക്ക് ഇന്നുപയോഗിക്കുന്ന രൂപങ്ങളെല്ലാം സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ ‘കേരളം’ എന്നുതന്നെ ഉള്ളപ്പോൾ അതിൽനിന്നു രൂപപ്പെട്ടവയാണ്. കേരളം എന്ന പദത്തോടു മറ്റു പദങ്ങൾ ചേരുമ്പോൾ കേരളം എന്നത് കേരള എന്നു മാറുന്നതാണ്. അല്ലാതെ സായിപ്പു കേരളത്തെ KERALA ആക്കിയപ്പോൾ മാറ്റിയതല്ല.

ഈ പേരുകൾ ഇന്ന് എഴുതുന്ന രീതിയുടെ പ്രശ്നമാണ്. കേരളസംസ്ഥാനം, കേരളസർക്കാർ, കേരളനിയമസഭ, കേരളഹൈക്കോടതി, കേരളസർവ്വകലാശാല, കേരളക്കര, കേരളപ്പിറവി, കേരളകൗമുദി തുടങ്ങിയ പദങ്ങളിലെല്ലാം ഉള്ളത് കേരളമാണ്, KERALA അല്ല. ഇവ കേരളത്തിന്റെ അവസാനത്തെ അനുസ്വാരം (ള കഴിഞ്ഞുള്ള പൂജ്യം) ഉപേക്ഷിച്ചു സന്ധിചേർന്നോ സമാസിച്ചോ ഒറ്റപ്പദമായി രൂപംകൊണ്ടവയാണ്. എന്നാൽ, മലയാളത്തിലെപ്പോലെ പദങ്ങൾ കൂടിച്ചേരാതെ ഒറ്റയൊറ്റപ്പദങ്ങളായി എഴുതുന്ന ഇംഗ്ലിഷ് ഭാഷയുടെ രീതി മാനസികാടിമത്തമുള്ള മലയാളികൾ സ്വീകരിച്ച് മലയാളം എഴുതുന്നതിലും നടപ്പാക്കിയപ്പോൾ ഈ പദങ്ങളെല്ലാം മുറിച്ച് കേരള സംസ്ഥാനം, കേരള സർക്കാർ, കേരള നിയമസഭ, കേരള ഹൈക്കോടതി, കേരള സർവ്വകലാശാല, കേരള പിറവി, കേരള കൗമുദി എന്നെല്ലാം തെറ്റായി എഴുതാൻതുടങ്ങി. കുറേക്കാലമായി കടന്നുകൂടിയ ഈ എഴുത്തുവൈകൃതമാണ് ആ രൂപങ്ങളിലെ കേരളയും കേരളം ആക്കണമെന്ന തെറ്റായ തോന്നൽ പലരിലും സൃഷ്ടിക്കുന്നത്. അതുകൊണ്ട്, അങ്ങനെ തീരുമാനിച്ചു ഭാഴയെ വികലമാക്കാതെ, ഇത്തരം സമസ്തപദങ്ങൾ മുറിക്കാതെ ഒറ്റവാക്കായി എഴുതണം എന്നു വ്യവസ്ഥ ചെയ്യുകയാണു വേണ്ടത്.

അതുകൊണ്ട്, ഇംഗ്ലിഷിലെ എഴുത്ത് The State of Keralam, Government of Keralam, Legislative Assembly of Keralam, Chief Minister of Keralam, High Court of Keralam എന്നെല്ലാം മാറ്റുക എന്നതിൽ ഒതുങ്ങണം സംസ്ഥാനത്തിന്റെ പേരുമാറ്റം. മലയാളത്തിൽ ഇന്നു കേരള എന്ന് ഉപയോഗിച്ചുവരുന്ന സ്ഥാപനനമാങ്ങളിലുംമറ്റും ഏതെല്ലാം കേരളം എന്നു മാറ്റണം എന്നത് ഒരു വിദഗ്ദ്ധസമിതി പരിശോധിച്ചുമാത്രമേ തീരുമാനിക്കാവൂ.

അതുപോലെതന്നെ, Kerala State Film Development Corporation, Kerala State Construction Labourers’ Welfare Fund Board തുടങ്ങിയ ഇംഗ്ലിഷിലുള്ള പേരുകളിലെ KERALA-യെ KERALAM ആക്കണോ എന്നതും വിദഗ്ദ്ധാഭിപ്രായം തേടേണ്ട കാര്യമാണ്.
എന്നുവച്ചാൽ, ഭാഷാവിദഗ്ദ്ധർ കുറവുള്ള കേരളനിയമസഭ വിദഗ്ദ്ധോപദേശം തേടാതെ പേരുമാറ്റം നടപ്പാക്കിയാൽ സംഗതി മഹാവഷളാകും, ജാഗ്രതൈ.

COMMENT

Recent Articles

Related Articles

Special