Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഔദ്യോഗിക വസതികൾ ആയി. മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാര്‍ക്കാണ് ഔദ്യോഗിക വസതികള്‍ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 21 മന്ത്രിമാര്‍ ഉണ്ടെങ്കിലും 20 മന്ദിരങ്ങളാണ് ഉള്ളത്. അനൂപ് ജേക്കബിന് വാടകയ്ക്കു വീട് എടുത്തു നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
ഔദ്യോഗിക വസതികൾ സംബന്ധിച്ച ചർതച്ചകളിൽ ഒരേ വസതിക്കായി 3 മന്ത്രിമാർ വരെ രംഗത്തുവന്നിരുന്നു. നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങൾക്കായും പലരും ആവശ്യമുന്നയിച്ചിരുന്നു. ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മന്ത്രി മന്ദിരങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കി ഉത്തരവിറങ്ങിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള പമ്പ വേണമെന്ന് രമേശ് ചെന്നിത്തല നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് ഈ വസതി തന്നെയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസാണ് ഇവിടെ താമസിച്ചിരുന്നത്.
ഇപ്പോൾ അനുവദിച്ചവയ്ക്കു പുറമെ കൻ്റോൺമെൻ്റ് ഹൗസ് കൂടിയുണ്ടെങ്കിലും അതു സാധാരണ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായാണ് ഉപയോഗിക്കുന്നത്. ഉമ്മൻ ചാണ്ടി, വി.എസ്.അച്യുതാനന്ദൻ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ തുടങ്ങിയവരെല്ലാം പ്രതിപക്ഷ നേതാവായിരുന്ന വേളയിൽ ഇവിടെയായിരുന്നു. ഇക്കുറി പിണറായി വിജയന് ഈ വസതി അനുവദിക്കപ്പെടും എന്നാണ് സൂചന.
മുൻമന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിടങ്ങളിലെല്ലാം പണികൾ നടത്തേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 3.95 കോടിയാണ് പണികൾക്കായി ചെലവഴിക്കുന്നത്. അതിനായി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
മന്ത്രിമാരുടെ ഔദ്യോഗിക വസതി
- വി.ഡി.സതീശൻ – ക്ലിഫ് ഹൗസ്
- കെ.മുരളീധരന് – സാനഡു
- രമേശ് ചെന്നിത്തല – പമ്പ
- സണ്ണി ജോസഫ് – അശോക
- എ.പി.അനില്‍കുമാര്‍ – കാവേരി
- പി.സി.വിഷ്ണുനാഥ് – നിള
- എം.ലിജു – അജന്ത
- റോജി എം.ജോണ്‍ – ഗ്രേസ്
- ടി.സിദ്ദിഖ് – ഗംഗ
- ബിന്ദു കൃഷ്ണ – തൈക്കാട് ഹൗസ്
- കെ.എ.തുളസി – പ്രശാന്ത്
- ഒ.ജെ.ജനീഷ് – മന്മോഹന് ബംഗ്ലാവ്
- പി.കെ.കുഞ്ഞാലിക്കുട്ടി – ലിൻഹേഴ്സ്റ്റ്
- എന്‍.ഷംസുദീന്‍ – നെസ്റ്റ്
- കെ.എം.ഷാജി – പൗര്‍ണമി
- പി.കെ.ബഷീര്‍ – ഉഷസ്
- വി.ഇ.അബ്ദുള്‍ ഗഫൂര്‍ – കവടിയാര്‍ ഹൗസ്
- ഷിബു ബേബി ജോണ്‍ – എസ്സെന്‍ഡേന്‍
- സി.പി.ജോണ്‍ – റോസ് ഹൗസ്
- മോന്‍സ് ജോസഫ് – പെരിയാര്‍
























