Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന തരത്തിൽ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പിടിയിലായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കോഴിക്കോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ സുബ്രഹ്മണ്യനെ ചേവായൂർ പൊലിസാണ് കസ്റ്റഡിയിലെടുത്തത്.
ശബരിമല സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുഖ്യമന്ത്രിയെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സുബ്രഹ്മണ്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം?” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം ആരോപിച്ചിരുന്നു.സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 192, കേരള പൊലിസ് ആക്ട് സെക്ഷൻ 120 എന്നിവ പ്രകാരമാണ് ചേവായൂർ പൊലിസ് സ്വമേധയാ കേസെടുത്തത്.സുബ്രഹ്മണ്യന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.























