ശബരിമല സ്വർണ മോഷണം: കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണ മോഷണക്കേസിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. അന്തര്‍ദേശീയ മാനങ്ങള്‍ ഉള്ള ഒരു കേസായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ” പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള്‍ എസ് ഐടിക്ക് മാത്രമായി അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
ഉന്നതന്മാരിലേക്ക് ഈ കേസുകള്‍ പോകുന്നു എന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള കേസ് ആയതുകൊണ്ടാണ് ഈ കേസിനെ എങ്ങനെയെങ്കിലും ദുര്‍ബലപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇന്ത്യയിലെയും ലോകത്തെയും കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഒരു കേസാണിത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിൻ്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കാണാനില്ല എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നു.

ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം. ഹൈക്കോടതി ചോദിച്ച ചോദ്യങ്ങളൊക്കെ പ്രസക്തമാണ്. സുഭാഷ് കപൂര്‍ എന്ന ഇന്റര്‍നാഷണല്‍ സ്മഗ്ലര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി കോടതി ചോദിച്ചതൊക്കെ ശരിയായിരുന്നു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണംകൊണ്ട് മാത്രം കാര്യങ്ങള്‍ തിരുമാനമാകില്ല. അന്തര്‍ദേശീയ തലത്തിലുള്ള കാര്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ട് ഇതില്‍ സിബിഐയുടെ അന്വേഷണം വേണ്ടിവരും.

ഒരു കാര്യം വളരെ വ്യക്തമാണ്. ഈ സ്വര്‍ണ്ണ മോഷണത്തിനുപിന്നില്‍ വലിയൊരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.” ആ ഗൂഢസംഘത്തിന് കേരളത്തില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.

Recent Articles

Related Articles

Special