29 C
Trivandrum
Sunday, December 21, 2025

രണവീരന്മാർ ഒത്തുചേരുന്നു, പഴയ വിദ്യാലയ മുറ്റത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ സ്നോ ലെപേഡ് തുടങ്ങിയ തന്ത്രപ്രധാന സൈനിക നീക്കങ്ങളിൽ നിർണായ ചുമതലകൾ വഹിച്ച, ഭീകരവിരുദ്ധ പോരാട്ടത്തിൻ്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ രാജ്യത്തിൻ്റെ രണവീരന്മാർ ഒത്തുചേരുന്നു, തങ്ങളുടെ പഴയ വിദ്യാലയ മുറ്റത്ത്. ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഉൾപ്പെട്ടെ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ വേറെ.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായാണ് ഇവരെല്ലാം ഒത്തു ചേരുന്നത്. ഡിസംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ സ്കൂൾ വളപ്പിലും സമീപത്തുള്ള ഫീൽഡ് മാർഷൽ കരിയപ്പ ഓഡിറ്റോറിയത്തിലുമായാണ് മിലൻ 2025 എന്നു പേരിട്ടിരിക്കുന്ന പരിപാടി.

വിവിധ സൈനികനീക്കങ്ങളിൽ സ്തുത്യർഹമായ പങ്കുവഹിച്ച ലെഫ്. കേണൽ അനിൽ നായർ, ലെഫ്. കേണൽ കിരൺ കെ.നായർ, മേജർ ആനന്ദ് സി.എസ്. തുടങ്ങിയവരെല്ലാം ഒത്തുചേരലിൽ പങ്കെടുക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ സ്നോ ലെപേഡ് തുടങ്ങിയവയിലെല്ലാം പങ്കെടുത്തയാളാണ് ലെഫ്. കേണൽ അനിൽ. നിയന്ത്രണരേഖയിലെ സേവനത്തിന് പലവട്ടം നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് ലെഫ്. കേണൽ കിരൺ. അതിനാൽത്തന്നെ യുദ്ധഭൂമിയിൽ അനുഭവസമ്പത്തിൽ ഇദ്ദേഹം മുന്നിലാണ്.

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് മേജർ ആനന്ദ്. അവിടെ ഭീകരരെ കണ്ടെത്താനും തുരത്താനും ജനകീയ പങ്കാളിത്തത്തോടെ ആനന്ദ് ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതികൾ ശ്രദ്ധേയമാണ്. ഗായകനായ ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ വിഷ്ണുവാണ് സംഗമത്തിലെത്തുന്ന മറ്റൊരു പ്രമുഖൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജനറൽ- ലാപറോസ്കോപിക് സർഡറി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ അദ്ദേഹം കൊച്ചിയിലെ ഡോക് ബാൻഡിലെ പ്രധാന ഗായകനാണ്. കൈരളി ടിവി സംഘടിപ്പിച്ച ഗന്ധർവസംഗീതം റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് എന്ന നിലയിലാണ് വിഷ്ണു ആദ്യം ശ്രദ്ധ നേടിയത്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ എ.എ.ടി.ഡി. വിഭാഗം മേധാവി പ്രവീണും ഒത്തുചേരുന്ന കൂട്ടത്തിലെ പ്രമുഖനാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 1ന് സ്കൂളിലെ ചടങ്ങുകളോടെയാണ് മിലൻ 2025ന് തുടക്കമാവുകയെന്ന് കേന്ദ്രീയ വിദ്യാലയ പാങ്ങോട് ആലംനി അസോസിയേഷൻ പ്രസിഡൻ്റ് അമിദേശ് പ്രേം കുമാർ അറിയിച്ചു. പിന്നീട് 3.30ന് കരിയപ്പ ഓഡിറ്റോറിയത്തിൽ സമ്മേളനം നടക്കും. ഐക്യരാഷ്ട്ര സഭയിലെ മുൻ ഇന്ത്യൻ അംബാസഡർ ടി.പി.ശ്രീനിവാസൻ മുഖ്യാതിഥിയാവും. പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാദ്ധ്യായയും വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks