ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ അറസ്റ്റിൽ. രാവിലെ വൈദ്യപരിശോധന പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കും. സ്വർണത്തെ ചെമ്പാക്കിയതിൽ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി സി കെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളണ് ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസറായ ഡി സുധീഷ് കുമാർ. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പ്രതി ചേർത്തിരുന്നത്. ഈ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും അറസ്റ്റിലായത്. ഇരുവരും നിലവിൽ റിമാൻഡിലാണ്. ദേവസ്വം ബോർഡ് മുൻ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാർ, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആർ ജയശ്രീ, മുൻ തിരുവാഭരണ കമ്മീഷണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര പ്രസാദ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

അതിനിടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവയിൽ നിർണായക രേഖകളുണ്ടെന്ന വിവരവും പുറത്തുവന്നു. പിടിച്ചെടുത്തതിൽ 420 പേജുള്ള ഫയലുകളുണ്ട്. 1999 ലെ സ്വർണം പൊതിയലിന്റെ വിശദരേഖകളും പിടിച്ചെടുത്തവയിലുണ്ട്. സ്വിറ്റ്‌സർലൻഡിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്തതിന്റെയും എത്ര സ്വർണം കൊണ്ടുവന്നു എന്നതിന്റെയും കണക്കും രേഖകളിൽ വ്യക്തമാണ്. ദ്വാരപാലക ശിൽപങ്ങളിൽ പൊതിഞ്ഞത് 1,564 ഗ്രാം സ്വർണമെന്നാണ് രേഖകളിൽ പറയുന്നത്. വാതിൽപ്പാളികയിലും കട്ടിളയിലുമായി 2,519 ഗ്രാം സ്വർണവും പൊതിഞ്ഞു. വ്യാഴാഴ്ചയായിരുന്നു ചീഫ് എൻജിനീയറുടെ ഓഫീസിൽ പരിശോധന നടന്നത്.

COMMENT

Recent Articles

Related Articles

Special