Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഇന്ന്. പമ്പാ മണപ്പുറത്ത് ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന സംഗമം രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ അടക്കം 3,500 പ്രതിനിധികളാകും സംഗമത്തിൽ പങ്കെടുക്കുക. രജിസ്റ്റർ ചെയ്തവർക്ക് പാസ് മുഖേനയാണ് പാസ്. രാവിലെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയിൽ സ്വാഗതം പറയും.
മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. മാസ്റ്റർപ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. അയ്യപ്പ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പമ്പയിൽ പൂർത്തിയായതായി ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു. മറ്റ് തീർത്ഥാടകർക്ക് ദർശനത്തിന് തടസ്സമില്ലാത്ത രീതിയിൽ ആണ് സംഗമം നടത്തുകയെന്നും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യാവലി കൊടുക്കുമെന്നും എല്ലാവർക്കും അത് പൂരിപ്പിച്ചു നൽകാമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.3,500 പ്രതിനിധികൾക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയിൽ ഒരുക്കിയിട്ടുള്ള്. പാനൽ ചർച്ചകൾക്കും, ഭക്ഷണശാലയ്ക്കും പന്തലുകൾ ഒരുക്കിയിട്ടുണ്ട്. 300ടൺ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേർന്ന് ദേവസ്വം ബോർഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
























