ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിൻ്റെ പിതാവ് സി.പി.ചാക്കോ (70) അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും അസിസ്റ്റൻ്റുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഷൈനിൻ്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലഹരിമുക്ത ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രി 10നാണു ഷൈൻ കൊച്ചിയിൽ നിന്നു ബംഗളൂരുവിലേക്കു പുറപ്പെട്ടത്. തൃശ്ശൂരിലെത്തി മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോടായിരുന്നു അപകടം.

ഡബ്ൾ ട്രാക്കിൽ വലതുഭാഗം ചേർന്നു പോകുകയായിരുന്ന ലോറി പെട്ടെന്ന് ഇടത്തേക്കു കയറിയതാണ് അപകടത്തിനു കാരണം. മുന്നിൽ ലോറി കണ്ട് പെട്ടെന്നു ബ്രേക്കിടാനുള്ള ഡ്രൈവർ അനീഷിൻ്റെ ശ്രമം പരാജയപ്പെട്ടതിനാൽ കാർ ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറി. മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഷൈനിന്‍റെ സഹോദരൻ ജോ ജോൺ ചാക്കോയും മധ്യത്തിലെ സീറ്റിലെ അച്ഛൻ ചാക്കോ, അമ്മ മരിയ കാർമൽ എന്നിവരും പിന്‍സീറ്റില്‍ ഷൈനുമാണ് ഉണ്ടായിരുന്നത്. ഷൈന്‍ ഉറങ്ങുകയായിരുന്നു.

ചാക്കോ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന സൂചനയുണ്ട്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിലിടിച്ച് അദ്ദേഹത്തിൻ്റെ തല പൊട്ടി. അപകടം ഉണ്ടായ ഉടനെ കാറിലുണ്ടായിരുന്ന 5 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിൻ്റെ പിതാവ് മരിച്ചു. ഷൈനിന്‍റെ ഇടതു തോളിനു സാരമായി പരുക്കേറ്റു. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്‍റിനും പരുക്ക് സാരമുള്ളതല്ല.

പരുക്കേറ്റ ഷൈൻ ടോം ചാക്കോ ആശുപത്രിയിൽ

പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈനിൻ്റെ തൊടുപുഴയിലെ ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ബംഗളൂരുവിലേക്കുള്ള യാത്ര.

Recent Articles

Related Articles

Special