Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: ലഷ്കർ എ തോയ്ബ (എൽ.ഇ.ടി.) നേതാവായ കൊടും ഭീകരൻ റസാഉള്ള നിസമാനി ഖാലിദ് എന്ന അബു സെയ്ഫുള്ളയെ ഞായറാഴ്ച അജ്ഞാതർ വെടിവെച്ചുകൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലാണ് ഇയാൾ കൊല്ലപ്പെട്ടത്. പാകിസ്താൻ സർക്കാർ സുരക്ഷ ഒരുക്കിയിരുന്ന സെയ്ഫുള്ള ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബാദിനിലെ മാറ്റ്‌ലിയിലുള്ള തൻ്റെ വസതിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു കവലയ്ക്കു സമീപം അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.
ഇന്ത്യയില്‍ വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുള്ള കൊടുംഭീകരനാണ് അബു സെയ്ഫുള്ള. 2001ലെ രാംപുര്‍ സി.ആർ.പി.എഫ്. ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ലെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രണം, 2006ല്‍ നാഗ്പുരിലെ ആർ.എസ്.എസ്. കേന്ദ്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് ഇയാൾ. ഈ ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ഇത്തരത്തിൽ വ്യാജപേരില്‍ നേപ്പാളില്‍ കഴിയവയെയാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ആക്രമണങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്തതും ആയുധങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
നേപ്പാളില്‍ നിന്ന് പിന്നീട് പാകിസ്താനിലേക്ക് കടന്ന സെയ്ഫുള്ള ഖാലിദ് പാകിസ്താനില്‍ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം അടുത്തിടെയാണ് ഇയാള്‍ സിന്ധിലെ ബാദിന്‍ ജില്ലയിലേക്ക് താമസം മാറിയത്. അവിടെ ലഷ്കറിനും അതിൻ്റെ മുന്നണി സംഘടനയായ ജമാ അത്ത് ഉദ് ദവയ്ക്കും വേണ്ടി പ്രവർത്തനം തുടർന്നു. ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള റിക്രൂട്ട്‌മെൻ്റിലും ഫണ്ട് ശേഖരണത്തിലുമായിരുന്നു സെയ്ഫുള്ളയുടെ ശ്രദ്ധ.






























