മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന ‘ഹലോ ഡിയർ’ ജനുവരി 29ന്

Follow the FOURTH PILLAR LIVE channel on WhatsApp 

മമിത ബൈജുവും സംഗീത് പ്രതാപും കേന്ദ്രകഥാപാത്രങ്ങളാകുന്ന റൊമാന്റിക് കോമഡി ചിത്രം ‘ഹലോ ഡിയർ’ 2027 ജനുവരി 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയവും നർമവും പ്രധാന ഘടകങ്ങളാകുമ്പോൾ, കഥാഗതിയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും ചിത്രത്തിന് വ്യത്യസ്തത നൽകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിരിയും ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കുന്ന വിനോദചിത്രമായാണ് ‘ഹലോ ഡിയർ’ ഒരുക്കുന്നത്.

യുവപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയരായ മമിത ബൈജുവിന്റെയും സംഗീത് പ്രതാപിന്റെയും കൂട്ടുകെട്ടാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സുരേഷ് കൃഷ്ണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും ഇതിനിടെ പുറത്തിറങ്ങി. പൊതുനിരത്തിൽ പച്ചക്കറി കിറ്റുമായി ചിരിച്ചുനിൽക്കുന്ന മമിത ബൈജുവിനെയും കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപിനെയും അവതരിപ്പിക്കുന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. റിലീസ് തീയതിയും ഇതോടൊപ്പമാണ് പ്രഖ്യാപിച്ചത്.

അഖിൽ ജോർജാണ് ഛായാഗ്രഹണം. ചമൻ ചാക്കോ ചിത്രസംയോജനവും നിമിഷ് എം. താനൂർ കലാസംവിധാനവും നിർവഹിക്കുന്നു. റോണക്സ് സേവ്യർ ചമയവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ബിജിത്ത് ധർമടം നിശ്ചലഛായാഗ്രഹണവും ശിവകുമാർ പെരുമുണ്ട ഫിനാൻസ് കൺട്രോളും നിർവഹിക്കുന്നു.

സുധർമൻ വള്ളിക്കുന്നാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അരുൺ ഡി.ജോസ് കോ-പ്രൊഡ്യൂസറും വിനോദ് വേണുഗോപാൽ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവും ശ്രീക്കുട്ടൻ പ്രൊഡക്‌ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special