ഓം പ്രകാശ് മാഥുർ കേരളത്തിന്റെ പുതിയ ഗവർണർ; ആർലേക്കർ തമിഴ്‌നാട്ടിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബി.ജെ.പി. നേതാവും നിലവിലെ സിക്കിം ഗവർണറുമായ ഓം പ്രകാശ് മാഥുറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി മാറ്റി നിയമിച്ചു. രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഗവർണർ നിയമനങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ഗവർണർമാർ ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരും.

74കാരനായ ഓം പ്രകാശ് മാഥുർ രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലിയിൽ 1952 ജനുവരി 2നാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം ദീർഘകാലമായി ബി.ജെ.പി. ദേശീയ രാഷ്ട്രീയത്തിൽ സജീവമാണ്. രാജസ്ഥാനിൽനിന്ന് 2 തവണ രാജ്യസഭാംഗമായിട്ടുണ്ട്. 2008 മുതൽ 2014 വരെയും 2016 മുതൽ 2022 വരെയുമായിരുന്നു രാജ്യസഭാംഗത്വം. പാർലമെന്റിലെ ഹൗസ് കമ്മിറ്റിയുടെ അധ്യക്ഷൻ ഉൾപ്പെടെ വിവിധ ചുമതലകളും വഹിച്ചു.

രാജസ്ഥാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായും പാർട്ടിയുടെ വിവിധ സംഘടനാചുമതലകളിലും പ്രവർത്തിച്ച മാഥുർ, 2024 ജൂലൈ 31നാണ് സിക്കിമിന്റെ 18ാമത് ഗവർണറായി ചുമതലയേറ്റത്. ഇക്കഴിഞ്ഞ ജൂലൈയിൽ സിക്കിം ഗവർണർ പദവിയിൽ 2 വർഷം പൂർത്തിയാക്കിയിരുന്നു.

കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 2025 ജനുവരി 2നാണ് കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. ഗോവ സ്വദേശിയായ ആർലേക്കർ ഗോവ നിയമസഭാ സ്പീക്കർ, സംസ്ഥാന മന്ത്രി, ഹിമാചൽ പ്രദേശ് ഗവർണർ, ബിഹാർ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2012 മുതൽ 2017 വരെ ഗോവ നിയമസഭാ സ്പീക്കറായിരിക്കെ രാജ്യത്തെ ആദ്യ കടലാസ്‌രഹിത നിയമസഭയാക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയതും ശ്രദ്ധേയമാണ്.

തമിഴ്‌നാട് ഗവർണറുടെ ചുമതല ആർലേക്കർ നേരത്തേതന്നെ അധികമായി വഹിച്ചുവരികയായിരുന്നു. 2026 മാർച്ച് 5ന് ആർ.എൻ.രവിയെ പശ്ചിമബംഗാൾ ഗവർണറായി മാറ്റിയതിനെത്തുടർന്നാണ് തമിഴ്‌നാട് ഗവർണറുടെ അധികചുമതല ആർലേക്കർക്ക് രാഷ്ട്രപതി നൽകിയത്. ഇപ്പോഴത്തെ ഉത്തരവോടെ അദ്ദേഹം തമിഴ്‌നാടിന്റെ സ്ഥിരം ഗവർണറാകും.

പുതിയ നിയമനങ്ങളുടെ ഭാഗമായി ഡോ.സുധാ യാദവിനെ കർണാടക ഗവർണറായും ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ.ധാൽ സിങ് ബിസെനെ ഉത്തരാഖണ്ഡ് ഗവർണറായും ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായും നിയമിച്ചിട്ടുണ്ട്.

ഓം പ്രകാശ് മാഥുർ ചുമതലയേൽക്കുന്നതോടെ കേരള രാജ്ഭവനിൽ വീണ്ടും മുതിർന്ന ബി.ജെ.പി. പശ്ചാത്തലമുള്ള നേതാവാണ് എത്തുന്നത്. ആർലേക്കറുടെ കേരളത്തിലെ ഗവർണർ കാലാവധി ഏകദേശം ഒന്നര വർഷം പിന്നിടുന്നതിനിടെയാണ് പുതിയ മാറ്റം.

COMMENTCancel reply

Recent Articles

Related Articles

Special