Follow the FOURTH PILLAR LIVE channel on WhatsApp
ഡോ.അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ്’ റഷ്യയിൽ പ്രദർശിപ്പിക്കുന്നു. ടാട്ടർസ്താൻ റിപ്പബ്ലിക്കിലെ കസാനിൽ നടക്കുന്ന ഇന്ത്യ–റഷ്യ ബിസിനസ് ഫോറമായ ടൈമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഒക്ടോബർ 14 മുതൽ 16 വരെയാണ് ചലച്ചിത്രമേള.
റഷ്യൻ ഫെഡറേഷന്റെ 35 കോൺസ്റ്റിറ്റ്യുവന്റ് എന്റിറ്റികളിൽനിന്നും ഇന്ത്യയിലെ 22 അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിൽനിന്നുമായി 3000ലധികം പ്രതിനിധികൾ ഫോറത്തിൽ പങ്കെടുക്കും.
ചലച്ചിത്രപ്രദർശനത്തിനൊപ്പം, ‘Poetry and Cinema: Common Languages of Cultural Exchange’ എന്ന വിഷയത്തിൽ ഒക്ടോബർ 15ന് സംസാരിക്കാനും സംവിധായകൻ ഡോ.അഭിലാഷ് ബാബുവിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിത ‘കൃഷ്ണാഷ്ടമി’യുടെ ആധുനിക സിനിമാറ്റിക് വായനയാണ് ചിത്രം. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് നിർമാണം. 2025ൽ പൂർത്തിയായ ചിത്രത്തിൽ ജിയോ ബേബിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചനാണ് സംഗീതസംവിധാനം.
48ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. തുടർന്ന് കേരളത്തിലെ വിവിധ പ്രാദേശിക ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു.
ശ്രീപാർവ്വതി, സൂര്യ എ.എസ്., അപർണ അശോക്, റുഖിയ ബീവി, രാജേഷ് ബി., അജിത് വിദ്യാസാഗർ, കെൻഷിൻ, ഫൈസൽ അനന്തപുരി, ജോമി ജോർജ്, വിഷ്ണുദാസ്, പി.കെ.കുഞ്ഞ്, കൃഷ്ണൻ നായർ, കൃഷ്ണദാസ്, ഷാജി ശാസ്തമംഗലം, പ്രദീപ് കുമാർ, സെബാസ്റ്റ്യൻ ജൂലിയൻ, ശബരി എസ്.ജീവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കാർത്തിക് ജോഗേഷ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ജിതിൻ മാത്യു ഛായാഗ്രഹണവും അനു ജോർജ് ചിത്രസംയോജനവും നിർവഹിക്കുന്നു. രബീഷ് സൗണ്ട് ഡിസൈനറും ഷാജി എ. ജോൺ പ്രോജക്ട് ഡിസൈനറും ദിലീപ് ദാസ് പ്രൊഡക്‌ഷൻ ഡിസൈനറുമാണ്. ജയേഷ് എൽ.ആർ. പ്രൊഡക്‌ഷൻ കൺട്രോളറും ഋഷിപ്രിയൻ ലൈവ് സൗണ്ട് എൻജിനീയറുമാണ്. ബിനു സത്യൻ ചമയവും അനന്തപത്മനാഭൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അഭിജിത്ത് ചിത്രകുമാർ, മഹേഷ് മധു, ഹരിദാസ് എന്നിവർ സഹസംവിധായകരാണ്. പി.ആർ.ഒ.: എ.എസ്.ദിനേശ്.
‘കൃഷ്ണാഷ്ടമി’ ഡോ. അഭിലാഷ് ബാബുവിന്റെ മൂന്നാമത്തെ ഫീച്ചർ സിനിമയാണ്. 2023ൽ പുറത്തിറങ്ങിയ ‘ആലോകം’, 2024 ഐ.എഫ്.എഫ്.കെയിൽ പ്രീമിയർ ചെയ്ത ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’, 2026ലെ ‘സോഷ്യൽ സ്വാമി’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ.




























