Follow the FOURTH PILLAR LIVE channel on WhatsApp
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ‘മായൻ’ ചിത്രീകരണം പൂർത്തിയായി. ഡിസംബർ 3ന് ചിത്രം തിയേറ്ററുകളിലെത്തും. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമാണം.
‘കളങ്കാവൽ’ എന്ന ചിത്രത്തിനുശേഷം ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായൻ’. ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ചിത്രങ്ങൾക്കുശേഷം രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. അയർലൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങൾക്കു പുറമേ കുട്ടിക്കാനം, വാഗമൺ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സത്യത്തിന്റെയും മിഥ്യയുടെയും അതിരുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കും കടന്നുചെല്ലുന്നു. ഗൗരവമേറിയ പ്രമേയത്തെ പ്രേക്ഷകർക്കായി മികച്ച വിനോദാനുഭവമാക്കി അവതരിപ്പിക്കാനാണ് ശ്രമമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
നിഗൂഢതയുടെ പശ്ചാത്തലത്തിൽ ജയസൂര്യയെ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ ശ്രദ്ധ നേടിയിരുന്നു. ‘കത്തനാർ’ എന്ന ചിത്രത്തിനുശേഷം മനസ്സുകൊണ്ടും ശരീരംകൊണ്ടും ഏറെ പരിശ്രമിച്ചാണ് ‘മായനി’ലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു.
തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ജിതിൻ കെ.ജോസും ചേർന്നാണ് തിരക്കഥ. വിജയ് ബാബു, നൈല ഉഷ, അർഷ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം.റാഫി, വൈഷ്ണവി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
മുജീബ് മജീദാണ് സംഗീതം. ഛായാഗ്രഹണം ഫൈസൽ അലി, എഡിറ്റിങ് പ്രവീൺ കുമാർ, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് അമൽ ചന്ദൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് സിനറ്റ് സേവ്യർ. രോഹിത് ആർ.നായർ എക്സിക്യുട്ടീവ് പ്രൊഡ്യൂസറും ശ്രീഖിൽ ശ്രീനിവാസ് കോ-ഡയറക്ടറുമാണ്. വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജരും എബി ബെന്നി, കിരൺ കാന്ത് എന്നിവർ പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാണ്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.




























