പിസ്റ്റളിന്റെ കാഞ്ചിയിൽ ഷൈൻ ടോം ചാക്കോ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

Follow the FOURTH PILLAR LIVE channel on WhatsApp 

തലയിൽ തൊപ്പി. മുഖം താഴ്ത്തി, കൈയിലെ പിസ്റ്റളിന്റെ കാഞ്ചിയിൽ എന്തോ പരിശോധിക്കുന്ന ഷൈൻ ടോം ചാക്കോ. ആ നോട്ടത്തിനും ഭാവത്തിനും പിന്നിൽ എന്താണ്? ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ഉയർത്തുന്ന കൗതുകമാണിത്.

മലയാളത്തിൽ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ ഒരുക്കിയ ഹരിദാസിന്റെ പുതിയ ചിത്രമായ ‘ഡാൻസാഫി’ന്റെ ഫസ്റ്റ് ലുക്ക് പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഔദ്യോഗിക സാമൂഹികമാധ്യമ പേജുകളിലൂടെയാണ് പുറത്തിറക്കിയത്.

പുതുതലമുറയുടെ വികാരവിചാരങ്ങൾക്കും ജീവിതപരിസരങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്ന കഥയായാണ് ഹരിദാസ് ‘ഡാൻസാഫ്’ ഒരുക്കുന്നത്. യുവപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഷൈൻ ടോം ചാക്കോയുടെ സ്വതസിദ്ധമായ ശരീരഭാഷയും മാനറിസങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയാണ് ചിത്രത്തിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

ലഹരിവിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപവത്കരിച്ച ഡാൻസാഫ് വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനായ യുവ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. നീതി നടപ്പാക്കാൻ എൻകൗണ്ടർ രീതിയും സ്വീകരിക്കുന്ന ഉദ്യോഗസ്ഥനായാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. എൻ.വി.പി. ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ചിത്രം നിർമിക്കുന്നത്.

ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ഉണ്ണി ലാലു, അരുൺ (‘ഫോർ ദി പീപ്പിൾ’ ഫെയിം), ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ് (‘പൊങ്കാല’ ഫെയിം), ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവതി, ജീവാ ജോസഫ്, ജയേഷ് പുന്നശ്ശേരി, അങ്കിത്, അമൽ, സുൽത്താൻ, രാഹുൽ, സതീഷ് നമ്പ്യാർ, മിന്നൽ റെജി, അഫ്രിൻ കല്ലൻ, വിനോദ് ആന്റണി, ചൈത്ര പ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ജീവാ ജോസഫിനും ചിത്രത്തിൽ പ്രധാന വേഷമുണ്ട്.

ഋഷി ഹരിദാസ്, ജിതിൻ രാജ് സി. എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെയ്ദ് അബ്ബാസാണ് സംഗീതം. എൽബൻ കൃഷ്ണ ഛായാഗ്രഹണവും ശ്യാം ശശിധരൻ ചിത്രസംയോജനവും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. ലാലു കൂട്ടാളിട മേക്കപ്പും അഫ്രിൻ കല്ലൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഗിരീഷ് മാരാർ ചീഫ് അസോസിയേറ്റ് ഡയറക്ടറും നവനീത് കൃഷ്ണ അസോസിയേറ്റ് ഡയറക്ടറുമാണ്. ഷിബി ശിവദാസാണ് സ്റ്റിൽസ്. കോളിൻസ് ലിയോഫിലാണ് ഡിസൈൻ. കാത്തിം ബാവ തുറക്കൽ ഫിനാൻസ് കൺട്രോളറാണ്. ഷെമീജ് കൊയിലാണ്ടി, അഫ്സൽ എന്നിവർ പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാരും ഗിരീഷ് അത്തോളി പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

കോഴിക്കോട്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

COMMENT

Recent Articles

Related Articles

Special