മാഡിയുടെ ചിരിയിൽ നിന്ന് ആഷ്‌ലിയുടെ നോട്ടത്തിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

2 ആഴ്ച. 2 ഭാഷ. 2 സിനിമ. 2 സൂപ്പർതാരങ്ങൾ. 2 ചിത്രങ്ങളുടെയും കേന്ദ്രത്തിൽ ഒരേ നടി — മമിത ബൈജു. മമിത ഇനി ‘പ്രേമലുവിലെ റീനു’ മാത്രമല്ല. തെന്നിന്ത്യൻ സിനിമയിലെ പുതിയ താരമൂല്യത്തിന്റെ പേരാണ്.

ഓഗസ്റ്റ് 14ന് തമിഴിൽ പുറത്തിറങ്ങിയ സൂര്യ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’. ഒരാഴ്ചയ്ക്കുശേഷം, ഓഗസ്റ്റ് 21ന് മലയാളത്തിൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. കഥയിലും പശ്ചാത്തലത്തിലും അവതരണത്തിലും പരസ്പരം ഏറെ അകലെയുള്ള സിനിമകളാണ് രണ്ടും. എന്നാൽ അവയെ ബന്ധിപ്പിക്കുന്ന കൗതുകകരമായൊരു കണ്ണിയുണ്ട്. രണ്ടും ഗണ്യമായ പ്രായവ്യത്യാസമുള്ള പ്രണയകഥകളാണ്. രണ്ടിലും ആ പ്രണയം പ്രേക്ഷകന് വിശ്വസനീയമാക്കേണ്ട ഉത്തരവാദിത്വത്തിന്റെ വലിയ പങ്ക് മമിത ബൈജുവിനാണ്.

അതിലും ശ്രദ്ധേയം മറ്റൊന്നാണ്. ഒരേ തരത്തിലുള്ള പ്രണയകഥ 2 തവണ അഭിനയിക്കുകയല്ല മമിത ചെയ്തത്. ഓരോ സിനിമയ്ക്കും ആവശ്യമായ താപനില തിരിച്ചറിഞ്ഞ് പരസ്പരം വിരുദ്ധമായ 2 സ്ത്രീകളെയാണ് അവർ സൃഷ്ടിച്ചത്. ‘വിശ്വനാഥ് ആൻഡ് സൺസി’ലെ മാഡി ഒരു കൊടുങ്കാറ്റാണെങ്കിൽ, ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ആഷ്‌ലി ഉള്ളിലേക്കൊഴുകുന്ന നദിയാണ്. 25ാം വയസ്സിൽ ഒരു നടിയുടെ വളർച്ചയെക്കുറിച്ച് പറയാൻ ഇതിലേറെ നല്ല ഉദാഹരണം വേണ്ട.

സൂര്യയുടെ നിശ്ശബ്ദതയ്ക്ക് എതിരെ മാഡിയുടെ പൊട്ടിത്തെറി

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസി’ൽ സൂര്യ അവതരിപ്പിക്കുന്ന സഞ്ജയ് വിശ്വനാഥ് 40കളിലെത്തിയ സമ്പന്നനായ വ്യവസായിയാണ്. വിവാഹത്തിൽനിന്നും വൈകാരികബന്ധങ്ങളിൽനിന്നും അകലം പാലിച്ച് സ്വന്തം ജീവിതത്തെ കൃത്യമായി ക്രമപ്പെടുത്തിയ മനുഷ്യൻ. ആ ജീവിതത്തിലേക്കാണ് മമിതയുടെ മാഡി കടന്നുവരുന്നത്.

20കളുടെ തുടക്കത്തിലുള്ള യുവതി. വേഗത്തിൽ സംസാരിക്കുന്നു. അതിലും വേഗത്തിൽ പ്രതികരിക്കുന്നു. മുറിയിലേക്കു കടന്നാൽ അവിടത്തെ ഊർജം തന്നെ മാറ്റുന്ന സ്വഭാവം. സൂര്യയുടെ കഥാപാത്രം വർഷങ്ങളായി ഒന്നിനോടും വലിയ പ്രതികരണം കാണിക്കാതിരിക്കാൻ പഠിച്ച മനുഷ്യനാണെങ്കിൽ മാഡി അതിന്റെ നേർവിപരീതമാണ്. അതുകൊണ്ടുതന്നെ മമിതയുടെ പ്രകടനവും ഇവിടെ തുറന്നതും ഉച്ചത്തിലുള്ളതുമാണ്.

സംഭാഷണത്തിന്റെ വേഗം, മുഖഭാവത്തിന്റെ പെട്ടെന്നുള്ള മാറ്റം, തമാശയിലെ സമയബോധം, അപ്രതീക്ഷിത പ്രതികരണങ്ങൾ — മാഡിയെ മുന്നോട്ടുനയിക്കുന്നത് ഈ ചടുലതയാണ്. സാധാരണ സിനിമകളിൽ എളുപ്പം പതിവ് ‘ചുറുചുറുക്കുള്ള യുവതി’യായി ചുരുങ്ങിപ്പോകാവുന്ന കഥാപാത്രമാണിത്. എന്നാൽ മമിത അതിന് സ്വന്തം താളം നൽകുന്നു. സൂര്യയുടെ നിശ്ചലതയ്ക്കെതിരെ മമിതയുടെ ചലനമാണ് പല രംഗങ്ങളുടെയും രസം.

ഒരു വലിയ താരത്തിന്റെ സിനിമയിൽ നായിക പലപ്പോഴും നായകന്റെ കഥ മുന്നോട്ടുനീക്കാനുള്ള ഉപകരണമായി മാത്രം മാറുന്ന സാഹചര്യമുണ്ട്. ഇവിടെ മാഡിയാണ് പലപ്പോഴും കഥയ്ക്ക് ചലനം നൽകുന്നത്. സൂര്യയുടെ താരസാന്നിധ്യത്തിനൊപ്പം നിന്നുകൊണ്ട് തന്നെ തന്റെ കഥാപാത്രത്തിന്റെ ഊർജം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ മമിതയ്ക്ക് കഴിയുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ പൂർണമായി മറ്റൊരു മമിത

‘വിശ്വനാഥ് ആൻഡ് സൺസ്’ കണ്ടശേഷം നേരെ ഗിരീഷ് എ.ഡിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലേക്ക് വന്നാൽ ആദ്യം ശ്രദ്ധയിൽപ്പെടുക ഈ മാറ്റമാണ്. മാഡിയുടെ ചടുലത ഇവിടെ കാണാനില്ല. ആഷ്‌ലി വികാരങ്ങളെ പുറത്തേക്ക് എറിയുന്നില്ല; ഉള്ളിൽ സൂക്ഷിക്കുന്നു.

മുണ്ടക്കയത്തെ വീട്ടിൽനിന്ന് കുടുംബത്തോടൊപ്പം കറുകുറ്റിയിലേക്ക് താമസം മാറുന്ന പെൺകുട്ടിയാണ് ആഷ്‌ലി. സ്വന്തം നാട്ടിൽനിന്നുള്ള പറിച്ചുനടലിന്റെ വിഷമം അവളിലുണ്ട്. വീട്ടിൽ നിരന്തരം തർക്കിക്കുന്ന മാതാപിതാക്കൾക്കിടയിൽ സ്വന്തം തീരുമാനങ്ങൾക്ക് വലിയ ഇടമില്ലാത്ത ജീവിതവുമുണ്ട്. പുതിയ നാട്ടിൽ പതിയെ പൊരുത്തപ്പെടുന്നതിനിടയിലാണ് നിവിൻ പോളിയുടെ ജസ്റ്റിനെ അവൾ ശ്രദ്ധിക്കുന്നത്. 30 പിന്നിട്ട, വിവാഹം കഴിക്കാതെ കഴിയുന്ന, നാട്ടുകാർക്ക് എന്താവശ്യത്തിനും ആശ്രയിക്കാവുന്ന മനുഷ്യനാണ് ജസ്റ്റിൻ. ആഷ്‌ലിയേക്കാൾ 12 മുതൽ 13 വയസ്സുവരെ മുതിർന്നയാൾ. അവിടെയും ആദ്യം പ്രണയത്തിലാകുന്നത് മമിതയുടെ കഥാപാത്രമാണ്.

പക്ഷേ മാഡിയെപ്പോലെ ആഷ്‌ലി തന്റെ വികാരങ്ങളെ വാക്കുകളുടെ പെരുമഴയായി പുറത്തുവിടുന്നില്ല. ഒരു നോട്ടം. ചെറിയൊരു പുഞ്ചിരി. താഴ്ത്തിയ കണ്ണുകൾ. പറയണമെന്ന് തോന്നിയിട്ടും പറയാതെ നിൽക്കുന്ന ഒരു നിമിഷം. അതാണ് ആഷ്‌ലിയുടെ ഭാഷ.

ഒരിടത്ത് ശബ്ദം, മറ്റിടത്ത് നിശ്ശബ്ദത

ഈ 2 പ്രകടനങ്ങളും ചേർത്തുവച്ചാൽ മമിതയുടെ ഇപ്പോഴത്തെ അഭിനയപരിണാമം വ്യക്തമായി കാണാം. ‘വിശ്വനാഥ് ആൻഡ് സൺസി’ൽ സംഭാഷണമാണ് പ്രധാന ആയുധം. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ മുഖമാണ്. മാഡി തന്റെ വികാരം അടിവരയിടുന്നു. ആഷ്‌ലി അത് മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നു.

മാഡി ഒരു അടഞ്ഞുകിടക്കുന്ന പുരുഷന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അസ്വസ്ഥപ്പെടുത്തുന്ന ഊർജമാണ്. ആഷ്‌ലി തന്നെയും പോലെ സംശയങ്ങളുള്ള ഒരു പുരുഷന്റെ മുന്നിൽ നിൽക്കുന്ന പ്രതിഫലനമാണ്. ഒരാൾ ജീവിതത്തെ ഇളക്കിമറിക്കുന്നു. മറ്റൊരാൾ ജീവിതത്തെ പതുക്കെ മാറ്റുന്നു. ഈ വ്യത്യാസം വലിയ രംഗങ്ങളിലല്ല, ചെറിയ ചലനങ്ങളിലാണ് മമിത പിടിച്ചെടുക്കുന്നത്. അതുകൊണ്ടാണ് രണ്ടാഴ്ചയ്ക്കിടെ ഒരേ പ്രമേയമുള്ള 2 സിനിമകളിൽ അഭിനയിച്ചിട്ടും ‘വീണ്ടും അതേ മമിത’ എന്ന തോന്നൽ ഉണ്ടാകാത്തത്.

ആഷ്‌ലിക്ക് പറയാതിരിക്കാൻ കൂടുതൽ കാര്യങ്ങളുണ്ട്

അഭിനയിക്കാൻ കൂടുതൽ പാളികളുള്ള കഥാപാത്രം ആഷ്‌ലിയാണ്. മാഡി പ്രധാനമായും പ്രണയഹാസ്യത്തിന്റെ ഊർജമാണ്. എന്നാൽ ആഷ്‌ലിയുടെ ഉള്ളിൽ ദുഃഖവും ഒറ്റപ്പെടലും കുടുംബത്തോടുള്ള അസ്വസ്ഥതയും സ്വന്തം ജീവിതത്തിന്മേലുള്ള അവകാശത്തിനായുള്ള ചെറുത്തുനിൽപ്പുമുണ്ട്.

അവൾ പ്രണയിക്കുന്ന പുരുഷനെക്കുറിച്ച് കുടുംബത്തിന് മറ്റൊരു ധാരണയുണ്ട്. പ്രത്യേകിച്ച് മകളുടെ ജീവിതം എങ്ങനെയാകണം എന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന പിതൃാധിപത്യ മനോഭാവമാണ് അവൾക്ക് നേരിടേണ്ടിവരുന്നത്. ഇവിടെയും മമിത അമിതാഭിനയത്തിലേക്ക് പോകുന്നില്ല. ആഷ്‌ലിയുടെ വേദന വലിയ കരച്ചിലുകളിലൂടെ പുറത്തുവരുന്നില്ല. മുഖത്ത് കെട്ടിക്കിടക്കുന്നു.

പള്ളിക്കു സമീപം ജസ്റ്റിനോട് സംസാരിക്കുന്ന ഒരു രംഗത്തിൽ എത്രമാത്രം മനസ്സുതുറക്കണം എന്ന് കണക്കുകൂട്ടുന്നതുപോലെ ആഷ്‌ലി കണ്ണുകൾ താഴ്ത്തുന്നു. അവിടെ സംഭാഷണത്തേക്കാൾ കൂടുതൽ പറയുന്നത് മമിതയുടെ മുഖമാണ്. ഇത്തരം രംഗങ്ങളിലാണ് ‘പ്രേമലു’വിനുശേഷം നടി എത്ര മുന്നോട്ടുപോയെന്ന് വ്യക്തമാകുന്നത്.

പ്രായവ്യത്യാസം മറച്ചുവെയ്ക്കുന്നില്ല

2 സിനിമകളുടെയും മറ്റൊരു പ്രത്യേകത പ്രായവ്യത്യാസത്തെ ഇല്ലാത്തതുപോലെ അവതരിപ്പിക്കുന്നില്ല എന്നതാണ്. ഇന്ത്യൻ സിനിമയിൽ തന്നേക്കാൾ ഏറെ ചെറുപ്പമുള്ള നായികയുമായി മുതിർന്ന നായകൻ പ്രണയിക്കുന്നത് പതിവാണ്. പലപ്പോഴും കഥാപാത്രങ്ങളുടെ പ്രായവ്യത്യാസം സിനിമ ശ്രദ്ധിക്കാറുപോലുമില്ല. ഇവിടെ അങ്ങനെയല്ല.

‘വിശ്വനാഥ് ആൻഡ് സൺസി’ൽ 40കളിലുള്ള സഞ്ജയ് വിശ്വനാഥുംന20കളുടെ തുടക്കത്തിലുള്ള മാഡിയും തമ്മിലുള്ള വ്യത്യാസം കഥയുടെ ഭാഗമാണ്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ആഷ്‌ലിയും ജസ്റ്റിനും തമ്മിലുള്ള 12–13 വയസ്സിന്റെ അകലം ഇരുവരുടെയും സ്വകാര്യ സംശയത്തിന്റെയും കുടുംബത്തിന്റെ എതിർപ്പിന്റെയും ഭാഗമാണ്.

അതേസമയം ഈ പ്രണയങ്ങൾ അസ്വസ്ഥമാക്കുന്ന തരത്തിലേക്ക് വഴുതിപ്പോകാതിരിക്കുന്നതിലും മമിതയുടെ കഥാപാത്രനിർമാണത്തിന് പങ്കുണ്ട്. രണ്ടിടത്തും യുവതി വെറും ആകർഷിക്കപ്പെടുന്ന ഒരാളല്ല. സ്വന്തം ഇഷ്ടത്തെക്കുറിച്ച് അവൾക്ക് ബോധ്യമുണ്ട്. പ്രത്യേകിച്ച് ആഷ്‌ലിയുടെ കാര്യത്തിൽ പ്രണയത്തിന്റെ ആദ്യ ചുവടുവയ്ക്കുന്നതും അവൾ തന്നെയാണ്.

‘പ്രേമലു’ മാറ്റിയ വഴി

ഈ താരപദവി പെട്ടെന്ന് ഉണ്ടായതല്ല. ചെറിയ വേഷങ്ങളിൽനിന്നാണ് മമിതയുടെ തുടക്കം. 2016ൽ പൃഥ്വിരാജ് ചിത്രം ‘പാവാട’യിലൂടെ സിനിമയിലെത്തിയ അവർ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുമ്പോഴാണ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള യുവനായികമാരിലൊരാളായി നിൽക്കുന്നത്.

2017ലെ ‘സർവോപരി പാലാക്കാരൻ’ വഴിയാണ് മമിത മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി തുടങ്ങിയത്. ‘ഹണി ബീ 2: സെലിബ്രേഷൻസ്’, ‘ഡാകിനി’, ‘വരത്തൻ’, ‘വികൃതി’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങൾക്ക് പിന്നാലെ 2021ലെ ‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’ തുടങ്ങിയ ചിത്രങ്ങൾ മമിതയെ ശ്രദ്ധേയയാക്കി. ‘ഖോ ഖോ’യിലെ പ്രകടനം കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിൽ മികച്ച സഹനടിക്കുള്ള അംഗീകാരവും നേടിക്കൊടുത്തു. 2022ലെ ‘സൂപ്പർ ശരണ്യ’യിലെ സോനയിലൂടെ കൂടുതൽ ജനപ്രീതി നേടിയ മമിത, ‘പ്രണയവിലാസം’, ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളുടെ ഭാഗമായി.

എന്നാൽ വഴിത്തിരിവ് ‘പ്രേമലു’ ആയിരുന്നു. റീനു എന്ന കഥാപാത്രം മമിതയെ മലയാളത്തിനപ്പുറത്തേക്ക് കൊണ്ടുപോയി. മലയാളത്തിൽ വിജയിച്ച ചിത്രം തമിഴിലും തെലുങ്കിലും യുവപ്രേക്ഷകരെ മമിതയിലേക്ക് അടുപ്പിച്ചു. ‘പ്രേമലു’ 100 കോടി കടന്നതോടെ നായിക എന്ന നിലയിലെ അവരുടെ വിപണിമൂല്യവും മാറി.

പിന്നീട് തമിഴിൽ അവസരങ്ങൾ നിരയായി എത്തി. ജി.വി.പ്രകാശ് കുമാർ നായകനായ ‘റിബൽ’ ആയിരുന്നു തമിഴിലെ അരങ്ങേറ്റം. തുടർന്ന് പ്രദീപ് രംഗനാഥനൊപ്പം ‘ഡ്യൂഡ്’, ധനുഷിനൊപ്പം ‘കര’, വിജയ്‌ക്കൊപ്പം ‘ജനനായകൻ’, സൂര്യയ്ക്കൊപ്പം ‘വിശ്വനാഥ് ആൻഡ് സൺസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും മുൻനിരയിലെത്തി. ‘എ.ആർ.എം.’ൽ കൃതി ഷെട്ടിക്കായി ശബ്ദം നൽകിയതും മമിതയുടെ കരിയറിലെ മറ്റൊരു കൗതുകമാണ്.

ഇനി ‘പ്രേമലു’ സഹതാരം സംഗീത് പ്രതാപിനൊപ്പം മലയാളത്തിൽ ‘ഹലോ ഡിയർ’ എത്താനിരിക്കെ, പ്രദീപ് രംഗനാഥന്റെ നിർമാണക്കമ്പനിയായ പി.ആർ. ഷോയുടെ ആദ്യ ചിത്രത്തിലും നായികയായി മമിതയെ പ്രഖ്യാപിച്ചിട്ടുണ്ട്.2026ൽ മാത്രം മമിത അഭിനയിച്ച വലിയ ചിത്രങ്ങളുടെ നിര അവരുടെ കരിയർ എത്ര വേഗത്തിലാണ് വളർന്നതെന്ന് കാണിക്കുന്നു.

‘പ്രേമലു’ ആവർത്തിക്കാത്തതിലാണ് വിജയം

2024ൽ പുറത്തിറങ്ങിയ ‘പ്രേമലു’ മമിതയുടെ കരിയർ മാറ്റിയ സിനിമയാണ്. റീനുവിന്റെ ചടുലതയും നർമവും പുതിയ തലമുറയോട് വളരെ വേഗം ബന്ധപ്പെട്ടു. അതിനുശേഷം ഏറ്റവും എളുപ്പമുള്ള വഴി എന്തായിരുന്നു? റീനുവിനെ വീണ്ടും വീണ്ടും അവതരിപ്പിക്കുക. അതേ ചിരി. അതേ ചുറുചുറുക്ക്. അതേ പ്രണയഹാസ്യ താളം. വിപണിക്ക് ഇഷ്ടപ്പെട്ട രൂപത്തെ തുടർച്ചയായി ആവർത്തിക്കുന്നത് സിനിമയിലെ പതിവാണ്.

മമിത ഇപ്പോൾ അതിൽനിന്ന് മാറുകയാണ്. മാഡിയിൽ ‘പ്രേമലു’വിലെ ഊർജത്തിന്റെ വിദൂരമായൊരു ബന്ധം കണ്ടെത്താനാകുമെങ്കിലും അതിന്റെ പകർപ്പല്ല. ആഷ്‌ലിയിലാകട്ടെ റീനുവിന്റെ നിഴൽ പോലും ഇല്ല. ഒരു നടിയുടെ വളർച്ച അളക്കേണ്ടത് എത്ര വ്യത്യസ്ത വേഷങ്ങൾ ചെയ്തു എന്ന കണക്കിലല്ല. സമാന സാഹചര്യങ്ങൾ കിട്ടുമ്പോൾ പോലും അവയെ എത്ര വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നതിലാണ്. ആ അളവുകോലിൽ ഈ 2 സിനിമകളും മമിതയ്ക്ക് പ്രധാനമാണ്.

നായകൻ ആരായാലും മമിതയെ കാണുന്നു

ഒരു നായികയുടെ താരമൂല്യം പരിശോധിക്കാനുള്ള ലളിതമായൊരു പരീക്ഷണമുണ്ട്. വലിയ നായകന്റെ സിനിമ കണ്ടിറങ്ങുമ്പോൾ നായികയെ ഓർക്കുന്നുണ്ടോ? സൂര്യയുടെ ചിത്രത്തിൽ മമിതയെ ഓർക്കുന്നു. നിവിൻ പോളിയുടെ തിരിച്ചുവരവിന്റെ ആഘോഷത്തിനിടയിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മമിതയുടെ സിനിമ കൂടിയായി പ്രേക്ഷകർ കാണുന്നു. ഇത് തന്നെയാണ് അവരുടെ ഇപ്പോഴത്തെ സ്ഥാനം വ്യക്തമാക്കുന്നത്.

‘വിശ്വനാഥ് ആൻഡ് സൺസി’ൽ മുന്നിലുള്ളത് സൂര്യയാണ്. തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. ദശാബ്ദങ്ങളുടെ ആരാധകപിന്തുണയുള്ള നടൻ. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളി. മലയാളത്തിലെ പ്രണയഹാസ്യ സിനിമകളിൽ സ്വന്തം തരംഗം സൃഷ്ടിച്ച താരം. ഈ 2 പേരുടെയും സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ അവരുടെ താരപ്രഭയുടെ അനുബന്ധമായി മാറാതെ നിൽക്കുകയാണ് മമിതയുടെ നേട്ടം.

സൂര്യയുടെ സഞ്ജയ് വിശ്വനാഥിനെ മാഡിയില്ലാതെ ചിന്തിക്കാൻ പ്രയാസമാണ്. നിവിൻ പോളിയുടെ ജസ്റ്റിനെ ആഷ്‌ലിയില്ലാതെയും. അതാണ് പ്രധാനപ്പെട്ട മാറ്റം. വലിയ നായകന്റെ പേരിനൊപ്പം ചേർത്തുപറയുന്ന നായികയിൽനിന്ന് ഒരു സിനിമയുടെ അനുഭവം നിർണയിക്കുന്ന അഭിനേത്രിയിലേക്കാണ് മമിത വളരുന്നത്.

സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് ഒരു കരിയർ നേട്ടമാണ്. നിവിൻ പോളിക്കൊപ്പം ഒരു ഓണവിജയത്തിന്റെ ഭാഗമാകുന്നതും നേട്ടമാണ്. എന്നാൽ ആ 2 സിനിമകളിലും സ്വന്തം കഥാപാത്രത്തെ മറ്റൊരാളുടെ താരപ്രഭയുടെ അനുബന്ധമാക്കി വിടാതിരിക്കുക അതിലേറെ പ്രധാനമാണ്. മമിത അത് സാധ്യമാക്കുന്നു.

ഇന്നത്തെ യുവതികളുടെ മുഖം

മമിത അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് പുതിയ തലമുറയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിന്റെ ഒരു കാരണം അവയിൽ കാണുന്ന സ്വാതന്ത്ര്യബോധമാണ്. അവർ പ്രണയത്തിൽ വെറും കാത്തിരിക്കുന്നവരല്ല. ഇഷ്ടം തുറന്നുപറയുന്നു. ബന്ധത്തെക്കുറിച്ച് തീരുമാനിക്കുന്നു. തമാശ പറയുന്നു. തെറ്റുന്നു. തിരുത്തുന്നു. വീട്ടുകാരോട് വിയോജിക്കുന്നു. സ്വന്തം ജീവിതത്തിൽ തങ്ങൾക്ക് ഇടം വേണമെന്ന് ആവശ്യപ്പെടുന്നു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ആഷ്‌ലി ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആഷ്‌ലിക്ക് ജസ്റ്റിനെ ഇഷ്ടപ്പെടുന്നു എന്നത് മാത്രമല്ല പ്രശ്നം. ആ ഇഷ്ടം തന്റെതാണെന്നും അത് അംഗീകരിക്കണമെന്നുമാണ് അവളുടെ നിലപാട്. അതുകൊണ്ടുതന്നെ സിനിമയിലെ പ്രണയത്തേക്കാൾ വലിയ വിഷയമായി അവളുടെ തീരുമാനാവകാശം മാറുന്നു.

‘ഭാഗ്യനായിക’ എന്ന വാക്കിനപ്പുറം

തുടർച്ചയായ വിജയങ്ങൾ വന്നാൽ സിനിമാലോകം ഒരു വിശേഷണം ഉടൻ നൽകും — ഭാഗ്യനായിക. മമിത ബൈജുവിനെയും അങ്ങനെ വിളിക്കാം. ‘പ്രേമലു’ 100 കോടി കടന്നു. പിന്നാലെ തമിഴിലും മലയാളത്തിലുമായി വലിയ വിജയങ്ങൾ. ‘വിശ്വനാഥ് ആൻഡ് സൺസ്’ 100 കോടി കടന്നപ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റും’ അതേ നേട്ടത്തിലേക്കുള്ള കുതിപ്പിലാണ്.

പക്ഷേ ഒരു നടിയുടെ വളർച്ചയെ ‘ഭാഗ്യം’ എന്ന് മാത്രം വിളിക്കുന്നത് എളുപ്പവഴിയാണ്. വിജയിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കാനുള്ള ബോധം അതിലുണ്ട്. പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള കഴിവുണ്ട്. ഭാഷ മാറിയാലും സ്വാഭാവികത നഷ്ടപ്പെടാത്ത പ്രകടനശൈലിയുണ്ട്. തമാശയിൽ സമയബോധമുണ്ട്. വൈകാരികരംഗങ്ങളിൽ അളവറിയാം.

അതിലുപരി, ക്യാമറയ്ക്കു മുന്നിൽ ‘ഞാൻ താരം’ എന്ന് പ്രഖ്യാപിക്കാതെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് മമിതയുടെ താരമൂല്യം കുറച്ചുകൂടി വ്യത്യസ്തമാകുന്നത്.

രണ്ടാഴ്ചയിൽ തെളിഞ്ഞത് ഒരു താരത്തിന്റെ പരിധി

ഒരേ പ്രമേയം. 2 സിനിമ. പക്ഷേ 2 വ്യത്യസ്ത അഭിനയരീതികൾ. അതാണ് ഈ രണ്ടാഴ്ച മമിത ബൈജുവിനെക്കുറിച്ച് ഏറ്റവും ശക്തമായി പറഞ്ഞത്. ‘വിശ്വനാഥ് ആൻഡ് സൺസി’ൽ സിനിമയിലെ ഏറ്റവും ശബ്ദമുള്ള സാന്നിധ്യമായി അവർക്ക് മാറാൻ കഴിയും. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ഒരു കണ്ണുനോട്ടത്തിനുള്ളിലേക്ക് മുഴുവൻ വികാരവും ഒതുക്കാനും കഴിയും.

മാഡി ഒരു മനുഷ്യന്റെ കൃത്യമായി ക്രമപ്പെടുത്തിയ ജീവിതത്തിലേക്ക് കടന്നുവരുന്ന കലാപമാണ്. ആഷ്‌ലി മറ്റൊരു മനുഷ്യന്റെ സംശയങ്ങളോട് സ്വന്തം സംശയങ്ങൾ ചേർത്തുനിർത്തുന്ന പ്രതിഫലനമാണ്. ഒരാൾ ശബ്ദമാണ്. മറ്റൊരാൾ നിശ്ശബ്ദത. 2 പേരെയും ഒരേ നടിയാണ് ഒരാഴ്ചയുടെ ഇടവേളയിൽ പ്രേക്ഷകന്റെ മുന്നിലെത്തിച്ചത്. അതാണ് യഥാർഥ കഥ.

100 കോടി കണക്കുകൾ മമിതയുടെ വിപണിമൂല്യം പറയാം. സൂര്യയുടെയും നിവിൻ പോളിയുടെയും നായികയായത് അവരുടെ വളർച്ചയുടെ വലിപ്പം പറയാം. പക്ഷേ ഒരു അഭിനേത്രിയെന്ന നിലയിലെ വളർച്ച അറിയാൻ മാഡിയെയും ആഷ്‌ലിയെയും അടുത്തടുത്ത് കണ്ടാൽ മതി.

അഭിനയജീവിതത്തിന്റെ 10ാം വർഷത്തിൽ മമിതയുടെ കരിയർ ഒരു പുതിയ ഘട്ടത്തിലാണ്. സമീപകാലത്ത് അവർ നായികയായ ഒന്നിലധികം സിനിമകൾ 100 കോടി വരുമാനനിലവാരം പിന്നിട്ടതോടെ തെന്നിന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള യുവതാരങ്ങളുടെ നിരയിലേക്ക് അവർ എത്തിയിരിക്കുന്നു. എന്നാൽ വരുമാനക്കണക്കുകളേക്കാൾ പ്രധാനമാണ് മറ്റൊന്ന്. മലയാളത്തിൽനിന്ന് തമിഴിലേക്ക് പോയപ്പോൾ മമിതയ്ക്ക് സ്വന്തം വ്യക്തിത്വം മാറ്റേണ്ടിവന്നില്ല. അതിരുകടന്ന താരവേഷമോ കൃത്രിമമായ രൂപമാറ്റമോ ഇല്ലാതെ തന്നെ വലിയ ചിത്രങ്ങളുടെ കേന്ദ്രത്തിലേക്ക് എത്താൻ കഴിഞ്ഞു. അതായിരിക്കാം ഈ വിജയപരമ്പരയുടെ യഥാർഥ പ്രത്യേകത.

ഒരുകാലത്ത് ‘പ്രേമലുവിലെ മമിത’ എന്നായിരുന്നു പരിചയം. ഇപ്പോൾ ചിത്രം പരിചയപ്പെടുത്താൻ മമിതയുടെ പേര് തന്നെ മതിയാകുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പുതിയ തലമുറ മലയാള സിനിമയ്ക്ക് ഇപ്പോൾ ഒരു നായിക മാത്രമല്ല, സ്വന്തം നിലയിൽ പ്രേക്ഷകരെ തീയറ്ററിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒരു പുതിയ താരത്തെയാണ് കിട്ടിയിരിക്കുന്നത്.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: പ്രണയത്തിന്റെ ചെറിയ നിമിഷങ്ങളിൽ വലിയ സന്തോഷം

ബന്ധങ്ങളുടെ ചൂടിലേക്ക് മടങ്ങിയെത്തുന്ന സൂര്യ

 

COMMENTCancel reply

Recent Articles

Related Articles

Special