റെയ്ഡ്, ലീഡ്, അന്തിച്ചർച്ച; ഇ.ഡി. എന്ന അവസാനിക്കാത്ത പരമ്പര

Follow the FOURTH PILLAR LIVE channel on WhatsApp 

സി.എം.ആർ.എൽ.–എക്സാലോജിക് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഇപ്പോൾ ഒരു അന്വേഷണത്തേക്കാൾ അവസാനിക്കാത്ത ടെലിവിഷൻ പരമ്പരയെ ഓർമിപ്പിക്കുന്നതാണ്. ഇടയ്ക്കൊരു റെയ്ഡ്. പിന്നാലെ ‘ഇ.ഡി. വൃത്തങ്ങൾ’ നൽകുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ. വൈകുന്നേരം ചാനലുകളിൽ അന്തിച്ചർച്ച. പിറ്റേന്ന് പത്രങ്ങളിൽ വലിയ തലക്കെട്ട്. 2 ദിവസം കഴിഞ്ഞാൽ നിശ്ശബ്ദം. കുറച്ചുകാലം കഴിയുമ്പോൾ അടുത്ത എപ്പിസോഡ്.

2024 മാർച്ചിലാണ് ഈ കേസിൽ ഇ.ഡി. നടപടികൾ ആരംഭിച്ചത്. 2026 ഓഗസ്റ്റിലെത്തുമ്പോൾ 2 വർഷത്തിലേറെയായി. എന്നിട്ടും ഓരോ റെയ്ഡും അവതരിപ്പിക്കപ്പെടുന്നത് അന്വേഷണം ഇന്നലെ തുടങ്ങിയതുപോലെയാണ്.

രേഖകളുള്ള കേസ്; എന്നിട്ടും 2 വർഷത്തെ അന്വേഷണം

സി.എം.ആർ.എല്ലിലെ ഇടപാടുകൾ സംബന്ധിച്ച വിഷയം പെട്ടെന്ന് ആകാശത്തുനിന്ന് വീണതല്ല. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സി.എം.ആർ.എൽ. സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ കണക്കുകളിലും രേഖകളിലും കണ്ടെത്തിയ വിവരങ്ങളാണ് പിന്നീട് ആദായനികുതി സെറ്റിൽമെന്റ് നടപടികളിലേക്കും അന്വേഷണം നീങ്ങുന്നതിനും കാരണമായത്.

കേരള ഹൈക്കോടതിയുടെ 2026 ജൂൺ 5ലെ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൾ തന്നെ ശ്രദ്ധേയമാണ്. 2013–14 മുതൽ 2019–20 വരെയുള്ള കാലയളവിൽ 135.54 കോടി രൂപയുടെ വ്യാജച്ചെലവ് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. സി.എം.ആർ.എൽ. 134.27 കോടി രൂപയുടെ ഉയർത്തിക്കാട്ടിയ ചെലവ് സമ്മതിച്ചതായും വിധിയിലെ കേസ് ചരിത്രം പറയുന്നു. വീണ ടിക്കും എക്സാലോജിക്കിനും നൽകിയതായി പറയുന്ന 1.72 കോടി രൂപയുടെ ഇടപാടും അതിന്റെ ഭാഗമായാണ് പിന്നീട് വിവാദമായത്. തുടർന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗൗരവ തട്ടിപ്പ് അന്വേഷണ ഓഫീസും അന്വേഷിച്ചു. 2025 ഏപ്രിലിൽ വീണ ടി., എക്സാലോജിക്, സി.എം.ആർ.എൽ. ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 27 പേരെ പ്രതികളാക്കി അന്വേഷണസംഘം കോടതിയിൽ പ്രോസിക്യൂഷൻ പരാതി നൽകി.

അതായത് രേഖകളില്ലാത്ത, സാക്ഷികളെ തേടി രാജ്യം മുഴുവൻ അലയേണ്ട ഒരു കേസല്ല ഇത്. കമ്പനി രേഖകൾ ഉണ്ട്. ആദായനികുതി വകുപ്പിന്റെ പരിശോധനയുണ്ട്. സെറ്റിൽമെന്റ് നടപടികളുടെ രേഖകളുണ്ട്. ഗൗരവ തട്ടിപ്പ് അന്വേഷണ ഓഫീസിന്റെ അന്വേഷണവും പരാതിയുമുണ്ട്. ബാങ്ക് ഇടപാടുകൾ രേഖകളായി ഉണ്ടാകണം. എന്നിട്ടും ഇഡിക്ക് അന്വേഷണം തീരുന്നില്ല.

മെയിൽ റെയ്ഡ്; ജൂണിൽ മണിക്കൂറുകളുടെ ചോദ്യംചെയ്യൽ

2026 മെയ് 27ന് ഇ.ഡി. വീണ്ടും രംഗത്തെത്തി. പിണറായി വിജയന്റെയും വീണ ടിയുടെയും താമസസ്ഥലങ്ങൾ ഉൾപ്പെടെ 10 ഇടങ്ങളിൽ പരിശോധന നടത്തി. അതോടെ മാധ്യമങ്ങളിൽ അടുത്ത ഘട്ടം തുടങ്ങി. ഇനി വീണയെ അറസ്റ്റ് ചെയ്യുമോ? പിണറായി വിജയനെ ചോദ്യം ചെയ്യുമോ? ആരെയെല്ലാം വിളിപ്പിക്കും? എന്തൊക്കെ പിടിച്ചെടുത്തു? ദിവസങ്ങളോളം ചർച്ച അതായിരുന്നു.

ജൂൺ 17ന് വീണ ടി. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി. 8 മണിക്കൂറിലേറെ മൊഴി രേഖപ്പെടുത്തി. വീണ്ടും ജൂൺ 25ന് വിളിപ്പിച്ചു. അന്നും മണിക്കൂറുകളോളം മൊഴിയെടുക്കൽ നീണ്ടു. ജൂൺ 19ന് അവരുടെ ബാങ്ക് ലോക്കറും പരിശോധിച്ചു. ഇത്രയും കഴിഞ്ഞിട്ടും അന്വേഷണത്തിന്റെ ‘ക്ലൈമാക്സ്’ വന്നില്ല. പകരം അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പായി.

ഓണക്കാലത്ത് പുതിയ എപ്പിസോഡ്

ഇപ്പോൾ ഓണക്കാലം എത്തിയപ്പോൾ വീണ്ടും ഇ.ഡി. രംഗത്തുണ്ട്. ഓഗസ്റ്റ് 18ന് കോഴിക്കോട് കേന്ദ്രീകരിച്ച് 8-9 ഇടങ്ങളിൽ പരിശോധന. വീണയുടെ ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.

പിറ്റേന്ന് വാർത്ത മാറി. ‘ഹവാല ഇടപാടിന് തെളിവ്.’ ‘വരുമാനത്തിലേറെ പണം കൈകാര്യം ചെയ്തു.’ ‘പുതിയ തെളിവുകൾ.’

എല്ലാം വീണ്ടും ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാർത്തകൾ. ഹവാല ഇടപാടിന്റെ തെളിവ് ലഭിച്ചെന്നാണ് ഓഗസ്റ്റ് 19ന് മാധ്യമങ്ങൾ ഇ.ഡിയുടെ പേരിൽ റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 20ന് മറ്റൊരു വാർത്ത: വിദേശനാണയ നിയമപ്രകാരമുള്ള നടപടിയിലേക്ക് പോകുമെന്നും വീണയെ വീണ്ടും ചോദ്യംചെയ്യുമെന്നും ‘ഇ.ഡി. വൃത്തങ്ങൾ’. ഇങ്ങനെ ഓരോ ദിവസവും ഓരോ കഥ.

ഒരു അന്വേഷണ ഏജൻസിക്ക് തെളിവുണ്ടെങ്കിൽ അതിന്റെ സ്വാഭാവിക വഴി കോടതി തന്നെയാണ്. തെളിവ് കോടതിയിൽ സമർപ്പിക്കാം. കുറ്റപത്രം നൽകാം. വിചാരണ നടത്താം. കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാം. പക്ഷേ ഇവിടെ ഓരോ ഘട്ടത്തിലും ആദ്യം എത്തുന്നത് കോടതിയല്ല; വാർത്താ മുറിയാണ് എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്.

റെയ്ഡിന് പിന്നാലെ ‘ബ്രേക്കിങ്’

ഇ.ഡി. പരിശോധന ആരംഭിച്ചാൽ കേരളത്തിലെ ചില ചാനലുകളുടെ ആവേശവും തുടങ്ങും. പരിശോധന എപ്പോൾ തീരും എന്നതിനേക്കാൾ അകത്ത് എന്താണ് ‘കണ്ടെത്തിയത്’ എന്ന വിവരങ്ങൾ പുറത്തുള്ളവർക്ക് വേഗത്തിൽ ലഭിക്കുന്ന അത്ഭുതമാണ് പിന്നെ.

‘നിർണായക രേഖ.’ ‘ഞെട്ടിക്കുന്ന കണ്ടെത്തൽ.’ ‘കുരുക്ക് മുറുകുന്നു.’ ‘അറസ്റ്റ് ഉടൻ.’ ‘ചോദ്യംചെയ്യലിലേക്ക്.’ ഈ തലക്കെട്ടുകൾ കേരളം എത്രതവണ കണ്ടു?

അന്തിച്ചർച്ചയിലെ അവതാരകനും പാനലിസ്റ്റുകളും ചേർന്ന് ആ രാത്രിതന്നെ അന്വേഷണം പൂർത്തിയാക്കും. കുറ്റം കണ്ടെത്തും. വിധിയും പറയും. രാവിലെ പത്രം തുറന്നാൽ വീണ്ടും അതേ ‘ഇ.ഡി. വൃത്തങ്ങൾ’. പിന്നെ? ഒന്നുമില്ല. അടുത്ത റെയ്ഡ് വരുന്നതുവരെ കാത്തിരിപ്പ്.

അതുകൊണ്ടാണ് സി.എം.ആർ.എൽ. കേസിലെ ഇ.ഡി. അന്വേഷണം ഇപ്പോൾ ഒരു കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഗൗരവമുള്ള നടപടിയേക്കാൾ മാധ്യമ പരമ്പരയുടെ സ്വഭാവം കൈവരിച്ചിരിക്കുന്നത്.

കഥയ്ക്ക് ഓരോ മാസവും പുതിയ വില്ലൻ

ആദ്യഘട്ടത്തിൽ കഥ മുഴുവൻ വീണ ടിയെ ചുറ്റിയായിരുന്നു. പിന്നീട് പിണറായി വിജയന്റെ പേരെത്തി. പിന്നെ മുഹമ്മദ് റിയാസ്. ഇപ്പോൾ റിയാസിന്റെ സുഹൃത്തുക്കൾ. നാളെ ആരെന്നറിയില്ല. ഓരോ ഘട്ടത്തിലും പഴയ വാർത്തയെക്കാൾ വലിയ തലക്കെട്ട് വേണം. അതിനായി അന്വേഷണത്തിന്റെ പരിധിയും കഥയുടെ കഥാപാത്രങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നു.

ഇ.ഡി. യഥാർഥത്തിൽ എന്താണ് കണ്ടെത്തിയത് എന്നതിന് അന്തിമ ഉത്തരമാകേണ്ടത് ഒരു മാധ്യമവാർത്തയല്ല. കോടതിയിൽ സമർപ്പിക്കുന്ന തെളിവാണ്. ഇ.ഡി. അവകാശപ്പെടുന്നതെല്ലാം ശരിയാണെങ്കിൽ അതും കോടതിയിൽ തെളിയിക്കണം. തെറ്റാണെങ്കിൽ അതും പുറത്തുവരണം. വീണയോ മറ്റാരെങ്കിലുമോ നിയമവിരുദ്ധമായി പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.

പക്ഷേ അന്വേഷണം എന്ന പേരിൽ വർഷങ്ങളോളം രാഷ്ട്രീയ ആവേശം ഉത്പാദിപ്പിക്കുകയും ഓരോ മാസവും പുതിയ ‘വെളിപ്പെടുത്തൽ’ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യുന്നത് നീതിനടപടിക്ക് പകരമാകില്ല.

135 കോടിയുടെ കഥ എവിടെ?

ഈ കേസിന്റെ തുടക്കത്തിലെ കണക്കുകളിലേക്ക് തിരിച്ചുപോയാൽ മറ്റൊരു കൗതുകകരമായ കാര്യം കാണാം. ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ എന്നു ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 135.54 കോടി രൂപയുടെ വ്യാജച്ചെലവിനെക്കുറിച്ചാണ്. അതിൽ നിരവധി പണമിടപാടുകളും പേരുകളും ഉണ്ടെന്നാണ് കേസിന്റെ തുടക്കംമുതൽ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ കേരളത്തിലെ രാഷ്ട്രീയ–മാധ്യമ ചർച്ചയിൽ കേസ് ഏതാണ്ട് പൂർണമായും വീണ തൈക്കണ്ടിയിൽ അഥവാ വീണ ടി. എന്ന ഒരൊറ്റ പേരിലേക്ക് ചുരുങ്ങി.

സി.എം.ആർ.എല്ലിന്റെ മുഴുവൻ പണമിടപാടുകളും അന്വേഷിക്കപ്പെടുന്നുണ്ടോ? രേഖകളിലുള്ള എല്ലാ പേരുകളിലേക്കും ഒരേ ആവേശത്തോടെ അന്വേഷണം നീങ്ങുന്നുണ്ടോ? എല്ലാവരുടെയും വീടുകളിലേക്ക് ക്യാമറകളുടെ അകമ്പടിയോടെ കേന്ദ്ര ഏജൻസി എത്തുന്നുണ്ടോ?

ഈ ചോദ്യങ്ങൾക്കും ഉത്തരം വേണം. അന്വേഷണം രാഷ്ട്രീയനിരപേക്ഷമാണെന്ന് തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഏജൻസിക്കുതന്നെയാണ്.

2 അന്തിച്ചർച്ച, 2 ലീഡ്; പിന്നെ അടുത്ത മാസം

ഇപ്പോഴത്തെ റെയ്ഡിനെ ഓണക്കാലത്തെ ഒരു പുതിയ എപ്പിസോഡായി കണ്ടാൽ കാര്യങ്ങൾ എളുപ്പം മനസ്സിലാകും. ഒരു ദിവസം റെയ്ഡ്. അന്ന് വൈകുന്നേരം 2 അന്തിച്ചർച്ച. പിറ്റേന്ന് 2 വലിയ പത്രത്തലക്കെട്ട്. അടുത്ത ദിവസം ‘പുതിയ നിർണായക വിവരം’. പിന്നെ നിശ്ശബ്ദം.

അടുത്തമാസം വീണയ്ക്ക് വീണ്ടും നോട്ടീസ് വന്നേക്കാം. അല്ലെങ്കിൽ ‘ഇ.ഡി. വൃത്തങ്ങൾ’ ഉദ്ധരിച്ച് മറ്റൊരു ഞെട്ടിക്കുന്ന കഥ പ്രത്യക്ഷപ്പെടാം. വീണ്ടും ചാനലുകൾക്ക് ആഘോഷം.

ഇത്രയും കാലം അന്വേഷിച്ചിട്ടും അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ തെളിവുമായി നിൽക്കുന്നതിനു പകരം ഓരോ മാസവും പുതിയ ട്രെയിലർ പുറത്തിറക്കേണ്ടിവരുന്ന അന്വേഷണ ഏജൻസിയുടെ അവസ്ഥയാണ് പരിഹാസ്യമായിരിക്കുന്നത്.

ദാസനും വിജയനും ആയിരുന്നെങ്കിൽ?

മലയാള സിനിമയിലെ സി.ഐ.ഡി. ദാസനും വിജയനും പോലും ഒരു കേസ് കിട്ടിയാൽ ഒടുവിൽ എന്തെങ്കിലും തീരുമാനത്തിലെത്തും. തെളിവുണ്ടെങ്കിൽ പ്രതിയെ പിടിക്കും. ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കും. ഇവിടെ അതുമില്ല.

2 വർഷത്തിലേറെ അന്വേഷണം. റെയ്ഡുകൾ. മണിക്കൂറുകളുടെ ചോദ്യംചെയ്യൽ. ബാങ്ക് ലോക്കർ പരിശോധന. രേഖകൾ പിടിച്ചെടുക്കൽ. വീണ്ടും റെയ്ഡ്. വീണ്ടും ചോദ്യംചെയ്യുമെന്ന വാർത്ത. ഹവാല. വിദേശപണം. പുതിയ പേര്. പുതിയ ബന്ധം. എന്നിട്ടും ഓരോ മാസവും അന്വേഷണം വീണ്ടും ഒന്നാം എപ്പിസോഡിൽനിന്ന് തുടങ്ങുന്നതുപോലെ.

ഇ.ഡിയോട് ചോദിക്കാനുള്ളത് വളരെ ലളിതമാണ്. തെളിവുണ്ടോ? എങ്കിൽ കോടതിയിൽ ഹാജരാക്കൂ. കുറ്റമുണ്ടോ? എങ്കിൽ നിയമനടപടി പൂർത്തിയാക്കൂ. അതല്ലാതെ റെയ്ഡും വാർത്ത ചോർച്ചയും അന്തിച്ചർച്ചയും ചേർത്ത് ഒരു രാഷ്ട്രീയ ടെലിവിഷൻ പരമ്പര നടത്തുകയാണെങ്കിൽ അതിനെ അന്വേഷണം എന്നു വിളിക്കാൻ പ്രയാസമാണ്.

അത് വിനോദപരിപാടിയാണ്. ഓണക്കാലത്ത് പുതിയ എപ്പിസോഡ് ഇറങ്ങിയെന്നു മാത്രം.

COMMENTCancel reply

Recent Articles

Related Articles

Special