Follow the FOURTH PILLAR LIVE channel on WhatsApp
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന് ‘ഹലോ ഡിയർ’ എന്ന് പേരിട്ടു. ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംഗീത് പ്രതാപും മമിത ബൈജുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കൗതുകമുണർത്തുന്ന ലുക്കോടെയാണ് ആദ്യ പോസ്റ്റർ എത്തിയിരിക്കുന്നത്.
പൂർണമായും പ്രണയഹാസ്യ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘ഹലോ ഡിയർ’. ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ യുവതലമുറയുടെ ജീവിതവും വികാരവിചാരങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘മെജോ പത്രോസിന്റെ പടവുകൾ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് അഭിനയരംഗത്തും ശ്രദ്ധേയനാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണ് ‘ഹലോ ഡിയർ’.
ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഏതാനും ദിവസത്തെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഓണത്തിനുശേഷം ചിത്രീകരണം പൂർത്തിയാകും. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.
സംഗീത് പ്രതാപിനും മമിത ബൈജുവിനുമൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
അഖിൽ ജോർജാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിങ്ങും നിമിഷ് എം.താനൂർ കലാസംവിധാനവും നിർവഹിക്കുന്നു. റോണക്സ് സേവ്യറാണ് മേക്കപ്പ്. വസ്ത്രാലങ്കാരം മഷർ ഹംസ. രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. ബിജിത്ത് ധർമടം സ്റ്റിൽസും വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനവും നിർവഹിക്കുന്നു.
ശിവകുമാർ പെരുമുണ്ടയാണ് ഫിനാൻസ് കൺട്രോളർ. സുധർമൻ വള്ളിക്കുന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അരുൺ ഡി.ജോസ് സഹനിർമാതാവുമാണ്. വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ശ്രീക്കുട്ടൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
അതേസമയം, ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ തരുൺ മൂർത്തി–മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.



























