Follow the FOURTH PILLAR LIVE channel on WhatsApp
ചതയദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയ മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡി.സി.സി. അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതും അപമര്യാദയായി പെരുമാറിയതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
ചതയദിനാഘോഷം നടന്ന സ്ഥലത്തുനിന്ന് അർധരാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവെച്ചു, മോശമായി പെരുമാറി, ഗതാഗതതടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി അനിലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. ശ്രീകാര്യത്തെ ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചതയദിനാഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതെ മടങ്ങിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ചെമ്പഴന്തിയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയാണ് പ്രവർത്തകർ തടഞ്ഞത്. വാഹനം തടഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചെന്നും മോശമായ ഭാഷ ഉപയോഗിച്ചെന്നും സംഘാടകർ ആരോപിച്ചു.
മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നുവെന്നും അതനുസരിച്ച് പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നുവെന്നും സംഘാടകർ പറഞ്ഞു. എന്നാൽ അവസാന നിമിഷം മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായത്. മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘാടകർ പിന്നീട് ചതയദിനാഘോഷ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.






















