‘എൽ.ഒ.സി. താണ്ടി അവനെ പൊക്കണം’; ‘ഓപ്പറേഷൻ ത്രാൾ’ ടീസർ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി സംഗീതസംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അതിർത്തിക്കപ്പുറത്തേക്ക് നീളുന്ന ഭീകരവിരുദ്ധ ദൗത്യത്തിന്റെ സൂചനകൾ നൽകുന്ന ദൃശ്യങ്ങളോടെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

“എൻ.ഐ.എ. വച്ചാൽ എന്താണെന്ന് അറിയാമോ?”, “എൽ.ഒ.സി. താണ്ടി അവനെ പൊക്കണം”, “എൻ.ഐ.എയ്ക്ക് അതിരുകളില്ല” തുടങ്ങിയ സംഭാഷണങ്ങളാണ് ടീസറിൽ ശ്രദ്ധേയമാകുന്നത്. മലയാളത്തിനൊപ്പം തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള സംഭാഷണങ്ങളും ടീസറിൽ കേൾക്കാം.

ദേശീയ അന്വേഷണ ഏജൻസിയിലെ എസ്.പി. ഹർഷവർധൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാൾ താഴ്‌വരയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഭീകരാക്രമണവും അതിനെത്തുടർന്നുള്ള അന്വേഷണവും ദൗത്യവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് ആധാരമാകുന്നത്. ഭീകരവാദത്തോടൊപ്പം മനുഷ്യബന്ധങ്ങളും ദേശസ്നേഹവും ചിത്രത്തിൽ പ്രമേയമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സൈനിക നീക്കങ്ങളുടെയും ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾക്ക് ടീസറിൽ പ്രാധാന്യമുണ്ട്. കശ്മീരിന്റെ മഞ്ഞുമലകളും താഴ്‌വരകളും പശ്ചാത്തലമാക്കിയാണ് നിരവധി രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. റിതിക സിങ്ങിന്റെ സംഘട്ടനരംഗങ്ങളുടെ ഭാഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം അഖിലേന്ത്യാ റിലീസായാണ് പ്രേക്ഷകരിലെത്തിക്കുക. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം.

ജയസൂര്യയ്ക്കൊപ്പം സായികുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. റിതിക സിങ്, വിനയ് റായ്, അമൈറ ദസ്തൂർ എന്നിവരടക്കമുള്ള ഇതരഭാഷാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

സംവിധായകൻ രതീഷ് വേഗ തന്നെയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. നജോസാണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. ചിത്രസംയോജനം നിർവഹിക്കുന്നു. സജീഷ് താമരശ്ശേരി നിർമാണരൂപകൽപ്പനയും സുനീഷ് കലാസംവിധാനവും നിർവഹിക്കുന്നു. റോണക്സ് സേവ്യറാണ് ചമയം. സമീറ സനീഷ്, സരിത ജയസൂര്യ എന്നിവരാണ് വസ്ത്രാലങ്കാരം.

ഉല്ലാസ് കൃഷ്ണയാണ് മുഖ്യ സഹസംവിധായകൻ. സുനിമോൾ ജോബി സഹനിർമാതാവും നോബിൾ ജേക്കബ് പദ്ധതി രൂപകൽപ്പന നിർവാഹകനുമാണ്. എം.ആർ. രാജകൃഷ്ണൻ ശബ്ദമിശ്രണവും വിക്കി ശബ്ദരൂപകൽപ്പനയും നിർവഹിക്കുന്നു. ജാൻ ജോസഫ് ജോർജാണ് നിശ്ചലചിത്രങ്ങൾ. ടെൻപോയിന്റ് മീഡിയയാണ് പരസ്യരൂപകൽപ്പന. ഇക്ബാൽ പാനായിക്കുളം നിർമാണനിയന്ത്രണം നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

പാലക്കാട്, കൊടൈക്കനാൽ, ജമ്മു കശ്മീർ, കുളു, മണാലി എന്നിവിടങ്ങളിലായി ഏകദേശം നൂറുദിവസം നീണ്ട ചിത്രീകരണത്തിലൂടെയാണ് ‘ഓപ്പറേഷൻ ത്രാൾ’ പൂർത്തിയാക്കിയത്.

COMMENTCancel reply

Recent Articles

Related Articles

Special