കൊച്ചി മേയർ തർക്കം : കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്; അനുനയിപ്പിക്കാൻ കോൺഗ്രസ്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഏറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് വി.കെ മിനിമോളെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, ലത്തീൻ രൂപതയുടെ ഇടപെടലിൽ വി.കെ മിനിമോൾക്ക് നറുക്കുവീഴുകയായിരുന്നു. മേയർ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിൽ കെ.പി.സി.സി മാനദണ്ഡം പാലിച്ചില്ലെന്ന് ദീപ്തി മേരി വർഗീസ് ആരോപിച്ചു. തീരുമാനത്തിനെതിരെ ദീപ്തി മേരി വർഗീസ് കെ.പി.സി.സി അധ്യക്ഷന് പരാതി നൽകി. കെ.പി.സി.സിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. അതിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നാണ് വ്യവസ്ഥ. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ. വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വർഗീസ് പറയുന്നു. എന്നാൽ പാർട്ടിക്ക് ഒപ്പം നിൽക്കുമെന്നും മേയർ സ്ഥാനത്തിനായി വ്യക്തിപരമായി താൽപര്യമില്ലാതെ മത്സരിച്ചെന്നും ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ദീപ്തിക്ക് മെട്രോപൊളിറ്റൻ ആസൂത്രണ സമിതി അധ്യക്ഷ പദവി നൽകിയേക്കും.

പ്രശ്‌നം പരിഹരിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ദീപ്തിക്ക് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായി അറിയുന്നു. ഡെപൂട്ടി മേയർ സ്ഥാനത്തേക്കുള്ള സ്ഥാനാർഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതായി കുറ്റപ്പെടുത്തി മുസ് ലിം ലീഗ് രംഗത്തുവന്നിട്ടുണ്ട്. മുന്നണിയിലോ ഉഭയകക്ഷിതലത്തിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമെന്ന് കാണിച്ച് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് ലീഗ് പരാതി നൽകി. അതേസമയം, മേയറെ നിശ്ചയിക്കാൻ ചേർന്ന കോൺഗ്രസ് പാർലമെന്റെ പാർട്ടി യോഗത്തിൽ വി.കെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. വി.കെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരും പിന്തുണച്ചു. ദീപ്തിക്ക് വെറും നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. മേയറാകുന്ന മിനി മോളും ഷൈനിയും ഐ ഗ്രൂപ്പ് പ്രതിനിധികളാണ്. ഡെപ്യൂട്ടി മേയറാകുന്ന ദീപക് ജോയി എ ഗ്രൂപ്പുകാരനും രണ്ടാമൂഴം ലഭിക്കുന്ന കൃഷ്ണകുമാർ ഐ ഗ്രൂപ്പ് പ്രതിനിധിയുമാണ്. എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വർഗീസിന്റെ പരാതിയെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയർ മിനിമോളും പ്രതികരിച്ചു.

Recent Articles

Related Articles

Special