Follow the FOURTH PILLAR LIVE channel on WhatsApp
ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിന്റെ വിചാരണയ്ക്കിടെ കേസിൽ പ്രധാന തെളിവായി സമർപ്പിച്ച സി.ഡി. തുറന്ന് പരിശോധിച്ചപ്പോൾ ശൂന്യമാണെന്ന് കണ്ടെത്തി. ലണ്ടനിലെ ഒരു പരിപാടിയിൽ സംസാരിക്കവെ ഹിന്ദു പ്രത്യയശാസ്ത്രജ്ഞനായ വിനായക് ദാമോദർ സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസാണ് രാഹുൽ ഗാന്ധി നേരിടുന്നത്.പൂനെ എം.പി./എം.എൽ.എ. പ്രത്യേക കോടതിയിൽ മജിസ്ട്രേറ്റ് അമോൽ ഷിൻഡെയാണ് കേസ് പരിഗണിക്കുന്നത്. വി.ഡി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സവർക്കറുടെ അനന്തരവൻ സത്യകി സവർക്കറാണ് പരാതി നൽകിയത്.
പരാമർശം അടങ്ങിയെന്ന് കരുതുന്ന പ്രസംഗത്തിന്റെ റെക്കോർഡിംഗുള്ള ഒരു സീൽ ചെയ്ത സി.ഡി. നേരത്തെ തെളിവായി സമർപ്പിച്ചിരുന്നു. ഈ സി.ഡി. നേരത്തെ കോടതിയിൽ വെച്ച് പ്ലേ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ, സത്യകി സവർക്കറുടെ വിചാരണയ്ക്കിടെ വ്യാഴാഴ്ച സി.ഡി. തുറന്ന് പ്ലേ ചെയ്തപ്പോഴാണ് അതിൽ ഡാറ്റകളൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തിയത്.





























