Follow the FOURTH PILLAR LIVE channel on WhatsApp
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുകുന്നു. പ്രഭാതഭക്ഷണ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഐക്യത്തിൻ്റെ സന്ദേശമാണ് നൽകിയത്. ‘ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും. ഞങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയില്ല എന്നായിരുന്നു’ പ്രഭാതഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും പ്രതികരണം.
ഹൈക്കാമാൻഡിൻ്റെ നിർദ്ദേശം അനുസരിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഡി കെ ശിവകുമാറുമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തെറ്റായ ആരോപണങ്ങൾ സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തന്ത്രങ്ങൾ തങ്ങൾ സംസാരിച്ചുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ‘രണ്ട് ദിവസം മുമ്പ് കെ സി വേണുഗോപാൽ വിളിച്ചെന്നും ഡി കെ ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് വിളിക്കണമെന്ന് നിർദ്ദേശിച്ചെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി. വേണുഗോപാൽ ഡി കെയോടും ഇത് പറഞ്ഞു. ഡി കെ അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് എന്നെയും ക്ഷണിച്ചും. എന്തായാലും എൻ്റെ വീട്ടിൽ തന്നെ പ്രഭാതഭക്ഷണ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു’ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ഇതിനിടെ മഞ്ഞുരുക്കത്തിൻ്റെ സൂചന നൽകുന്നതായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. നേതൃവിഷയംഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. ദേശീയ നേതൃത്വം എന്ത് പറയുന്നോ അത് തങ്ങൾ അനുസരിക്കും. ഇവിടെ ഗ്രൂപ്പില്ല. ഞങ്ങൾ യോജിച്ചാണ് പ്രവർത്തിക്കുന്നത്. എന്താണോ മുഖ്യമന്ത്രി പറയുന്നത്, ഞാൻ അതിനൊപ്പമാണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘ഞങ്ങൾ പാർട്ടിയുടെ യഥാർത്ഥ യോദ്ധാക്കളാണ്. പാർട്ടി രാജ്യത്ത് ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ കടന്ന് പോയ്ക്കൊണ്ടിരിക്കുകയാണ്. പക്ഷെ കർണാടകയിൽ ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. 2028ൽ ഞങ്ങൾ വിജയം ആവർത്തിക്കും രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും നേതൃത്വത്തിൽ മുന്നോട്ട് പോകും. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഞങ്ങളെ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും വലിയ ഭൂരിപക്ഷം നൽകുകയും ചെയ്യും. എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയോ അത് പൂർത്തീകരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഞങ്ങൾ ഇപ്പോൾ നന്നായി ഭരിക്കുന്നുണ്ട്, അത് തുടരുക തന്നെ ചെയ്യും. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചും പ്രതിപക്ഷത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു’ എന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം.





























