Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാ കുറിപ്പിൽ മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. നവംബർ 15ന് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സിഐ ബിനു തോമസാണ് മേലുദ്യോഗസ്ഥന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 2014ൽ പാലക്കാട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്.
അന്ന് സിഐ ആയിരുന്ന ഉമേഷ് അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ അവരുടെ വീട്ടിൽ എത്തി പീഡിപ്പിച്ചു എന്നാണ് കുറിപ്പിലെ പരാമർശം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാ നേരത്ത് എത്തിയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം എന്നും കത്തിൽ ആരോപിക്കുന്നു. കേസ് പുറത്തറിയിക്കുമെന്നായിരുന്നു ഭീഷണി.
പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. നിലവിൽ കോഴിക്കോട് ഡിവൈഎസ്പിയാണ് ഉമേഷ്.നവംബർ 15നായിരുന്നു ബിനു തോമസിനെ ചെറുപ്പളശ്ശേരിയിലെ പൊലീസ് ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിയ്ക്കിടെ വിശ്രമിക്കാൻ ക്വാട്ടേഴ്സിൽ പോയ ബിനു തോമസ് മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് തന്നെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. 32 പേജ് വരുന്ന ആത്മഹത്യ കുറിപ്പിൽ കുടുംബ പ്രശ്നങ്ങളാണ് മരണകാരണം എന്ന നിലയിലായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ജോലിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കുടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയാണ് ബിനു.
























