Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകൻ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ അഡിയാല ജയിൽ അധികൃതർ നിഷേധിച്ചു. ഇമ്രാൻ ഖാൻ ഇപ്പോഴും അഡിയാല ജയിലിൽ തന്നെയുണ്ടെന്നും അദ്ദേഹം ആരോഗ്യവാൻ ആണെന്ന് ഉദ്യോഗസ്ഥരും പാകിസ്ഥാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ വൈദ്യസഹായവും മേൽനോട്ടവും നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾക്ക് ഇമ്രാൻ ഖാനെ കാണാൻ ജയിൽ ഭരണകൂടം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. പിടിഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി, ദേശീയ അസംബ്ലി അംഗം ഷാഹിദ് ഖട്ടക്, പ്രവിശ്യാ മന്ത്രി മീന ഖാൻ, ഷൗക്കത്ത് യൂസഫ്സായ്, ഇംതിയാസ് അലി വാറൈച്ച്, ഹാഫിസ് ഫർഹത്ത് എന്നിവരുൾപ്പെടെയുള്ളവരുടെ പട്ടിക സമർപ്പിച്ചു. കെപി മുഖ്യമന്ത്രിയും മറ്റ് പാർട്ടി നേതാക്കളും ജയിൽ പരിസരത്ത് ഖാനുമായി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓഗസ്റ്റ് മുതൽ കസ്റ്റഡിയിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആരോഗ്യവാർത്തകൾ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ചികിത്സാ സാഹചര്യങ്ങളെയും കുറിച്ച് അദ്ദേഹത്തിന്റെ അനുയായികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം കോടതി ഉത്തരവുകൾ വകവയ്ക്കാതെ പ്രവേശനം പരിമിതപ്പെടുത്തുകയും മീറ്റിംഗുകൾ നിഷേധിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകൻ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ, അഡിയാല ജയിലിനടുത്തുള്ള ഗൊരഖ്പൂർ ചെക്ക്പോസ്റ്റിൽ ദീർഘനേരം നടത്തിവന്നിരുന്ന കുത്തിയിരിപ്പ് സമരം പിൻവലിച്ചു. സഹോദരനുമായി കൂടിക്കാഴ്ച നടത്താമെന്ന് പോലീസ് ഉറപ്പുനൽകിയതിനെത്തുടർന്നാണിത്.


























