സെർച്ച് കമ്മിറ്റിയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ ​ഗവർണർ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരളത്തിലെ രണ്ട് സർവ്വകാലാശാലകളുടെ സെർച്ച് കമ്മിറ്റിയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ​ഗവർണർ. ആവശ്യവുമായി ​ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു.സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വൈസ് ചാൻസിലർ നിയമനപ്രക്രിയകളിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്.

വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. എന്നാൽ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാൻസിലറായ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും സാഹചര്യമെന്ന് ഗവർണർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ രണ്ട് സർവകലാശാലകളിലെയും വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും ബംഗാളിലുള്ളതിനേക്കാൾ വ്യത്യസ്തമായ സ്ഥിതിയാണെന്നും ഗവർണർ പറയുന്നു. അതിനാൽ മുഖ്യമന്ത്രിയെ ഈ പ്രക്രിയയിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റിയിൽ കേരളത്തിന്റെ രണ്ട് പ്രതിനിധികളും ചാൻസിലറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ അഞ്ചംഗ സമിതിക്കാണ് നേരത്തേ രൂപം നൽകിയിരുന്നത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാൽ യുജിസി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന സൂചനകളാണ് ഗവർണർ നൽകുന്നത്. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ചിരിക്കുന്ന സമിതിയിൽ സംസ്ഥാന സർക്കാരിന് നേരിയ മേൽക്കൈയ്യുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്ന സൂചന കൂടി ഗവർണർ നൽകുന്നു.

Recent Articles

Related Articles

Special