Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് രണ്ട് മരണം. ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല(52)യുമാണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
കഴിഞ്ഞ 28 ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് രോഗം ബാധിച്ചത് കിണറ്റിൽനിന്നുള്ള വെള്ളത്തിൽ നിന്നാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സാമ്പിൾ പരിശോധിച്ചപ്പോൾ അമീബയുടെ സാന്നിധ്യം കിണറ്റിലെ വെള്ളത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു റംല. രോഗലക്ഷണത്തെ തുടർന്ന് ജൂലായ് ഏഴിനാണ് ചികിത്സ തുടങ്ങിയത്. ഭേദമാകാതായതോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
സ്ഥിതി വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് വാർഡിലേക്കു മാറ്റിയിരുന്നു. എന്നാൽ, വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളായി. ഞായറാഴ്‌ച പുലർച്ചെ മരിച്ചു.





















