Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന്റെ എംഎൽഎ രാജി ആവശ്യപ്പെട്ട് യുവമോർച്ച സംഘടിപ്പിച്ച കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യുവമോർച്ച കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിനെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നട്ടുച്ച സമയം കിലോമീറ്ററുകളോളം കാളയെ മൂക്കുകയർ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയിൽ പറയുന്നു.
കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയർന്നു. കാളയുമായുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ സമരം ജലപീരങ്കി പ്രയോഗത്തിലാണ് അവസാനിച്ചത്.
























