Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കോൺഗ്രസിലെ യുവനേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പടുത്തലിന് ശേഷം, നേരിടേണ്ടിവരുന്നത് രൂക്ഷമായ സൈബർ ആക്രമണമെന്ന് നടി റിനി ആൻ ജോർജ്. ആരോപണവിധേയനായ നേതാവിന്റെ ഭാഗത്ത് നിന്നുമാണ് സൈബർ ആക്രമണമെന്നും, അത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നും റിനി ജോർജ് പറഞ്ഞു.
‘വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. എനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് വന്നത്. അത് കാര്യമാക്കുന്നില്ല. സൈബർ ആക്രമണം ഈ വ്യക്തിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. അത് അയാളെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയേ ഉളളു. കാരണം എന്റെ ഭാഗത്താണ് ശരിയെങ്കിൽ കാലം അത് തെളിയിക്കും. കൂടുതൽ പ്രതിരോധത്തിലേക്ക് പോവുകയേയുളളു ആ വ്യക്തി. സൈബർ ആക്രമണം കൊണ്ട് ഞാൻ പിന്മാറും എന്ന ചിന്ത വേണ്ട’- റിനി ആൻ ജോർജ് പറഞ്ഞു.
പേരുപറയാത്തതിനു കാരണം ഞാൻ ഇന്നലെ വ്യക്തമാക്കിയതാണെന്നും ഇത് വ്യക്തിപരമായ വിഷയമല്ല, ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും റിനി പറഞ്ഞു. ‘പല പെൺകുട്ടികളും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട് എന്നതുകൊണ്ട് ഞാനത് തുറന്നുപറഞ്ഞു എന്ന് മാത്രം. ഈ ക്രിമിനലിനെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു പെൺകുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. അവരാരും സമൂഹത്തെ ഭയന്ന് തുറന്നുപറയാൻ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പറയുന്നു, തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ടുളള ഗിമ്മിക്‌സ് ആണ്, മറ്റ് പാർട്ടിക്കാർ ഒപ്പം നിൽക്കുന്നുണ്ട്. സ്‌പോൺസർ ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. സത്യത്തിൽ ഞാൻ ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണ്.’-റിനി ആൻ ജോർജ് വ്യക്തമാക്കി.
യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുവെന്നുമാണ് യുവമാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.























