Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണക്കടത്തിൽ ആദ്യ, നാലും അഞ്ചും സ്ഥാനങ്ങളിൽ കേരളം. കോഴിക്കോട് നാലാമതും കൊച്ചി അഞ്ചാംസ്ഥാനത്തുമാണ്. മുംബൈ, ഡൽഹി, ചെന്നൈ വിമാനത്താവളങ്ങളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ. സ്വർണക്കടത്തുകേസിൽ ഏറെയാളുകൾ അറസ്റ്റിലാകുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത് നാമമാത്രമാണെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യസഭയിൽ വി. ശിവദാസന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2021 മുതൽ കൂടുതൽ സ്വർണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് -2,578.40 കിലോഗ്രാം. തൊട്ടുപിന്നിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം-1,370.96 കിലോഗ്രാം.
ചെന്നൈ വിമാനത്താവളം-1,274.25 കിലോഗ്രാം, കോഴിക്കോട് വിമാനത്താവളം -1,159.65 കിലോഗ്രാം, കൊച്ചി വിമാനത്താവളം-627.44 കിലോഗ്രാം, സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളം (അഹമ്മദാബാദ്, ഗുജറാത്ത്) – 465.41 കിലോഗ്രാം, കെമ്പെഗൗഡ വിമാനത്താവളം (ബെംഗളൂരു, കർണാടക) – 441.58 കിലോഗ്രാം, രാജീവ് ഗാന്ധി വിമാനത്താവളം (ഹൈദരാബാദ്, തെലങ്കാന) – 366.56 കിലോഗ്രാം, ട്രിച്ചി വിമാനത്താവളം (തമിഴ്നാട്) – 292.72 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത സ്വർണത്തിന്റെ അളവ്.
ഇക്കാലത്ത് 5,689 പേരെ അറസ്റ്റുചെയ്തപ്പോൾ 15 പേരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. 2020-21 ൽ അറസ്റ്റുചെയ്തത് 924 പേരെയും ശിക്ഷിച്ചത് ഒരാളെയും. 2021-22ൽ 1,051 പേരെ അറസ്റ്റുചെയ്തപ്പോൾ ശിക്ഷിക്കപ്പെട്ടത് മൂന്നുപേർ. 2022-23ൽ 1,197 പേർ അറസ്റ്റിലായപ്പോൾ അഞ്ചുപേർ ശിക്ഷിക്കപ്പെട്ടു. 2023-24 ൽ 1,533 അറസ്റ്റും അഞ്ചുപേർക്ക് ശിക്ഷയും. 2024-25 ൽ 908 അറസ്റ്റ് നടന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം.
























