Follow the FOURTH PILLAR LIVE channel on WhatsApp
ഛത്തീസ്ഗഡിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടി ബുച്ചി ബാബു ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി യുവതാരം പൃഥ്വി ഷാ. 4 ഫോറും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ടീമിനൊപ്പമായിരുന്ന പൃഥ്വി ഷാ ഈ സീസണിൽ മഹാരാഷ്ട്രയിലേക്ക് കൂടുമാറുകയായിരുന്നു. കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ടീമിൽ നിന്ന് പൃഥ്വി ഷായെ മുംബൈ ഒഴിവാക്കിയിരുന്നു. അച്ചടക്കമില്ലായ്മയും ശാരീരികക്ഷമതയില്ലായ്മയുമാണ് കാരണം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പൃഥ്വി ഷാ മുമ്പ് കളിച്ചിരുന്ന ഐപിഎൽ ക്ലബുകളിൽ നിന്നും മറ്റുമെല്ലാം താരത്തിന് നേരെ വെളിപ്പെടുത്തലുണ്ടായി.
2018ൽ അണ്ടർ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങളാൽ താരം ടീമുകളിൽ നിന്ന് തഴയപ്പെട്ടു.2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തിൽ താരത്തെ വാങ്ങാൻ ടീമുകൾ ആരും രംഗത്തെത്തിയിരുന്നില്ല. പൃഥ്വി ഷായുടെ മഹാരാഷ്ട്രയിലേക്കുള്ള കൂടുമാറ്റവും സെഞ്ച്വറിയോടെയുള്ള തിരിച്ചുവരവും കൂടുതൽ അവസരങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.































