Follow the FOURTH PILLAR LIVE channel on WhatsApp
ഗുജറാത്ത് : എംഎസ് ധോനിയുടെ വൈറല്‍ ആരാധകനായ ജയ് ജാനി എന്ന യുവാവ് അപകടത്തിൽ മരിച്ചു. 2024 സീസണിലെ ഐപിഎല്ലില്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് ധോനിക്കരികിലെത്തി കാല്‍ക്കല്‍ വീണ യുവാവിനാണ് ഗുജറാത്തില്‍ നടന്ന ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഗുജറാത്ത് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ രബാരിക ഗ്രാമത്തില്‍ താമസിക്കുന്ന ജയ് തന്റെ ട്രാക്ടറുമായി വയലിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ജയ് ജാനിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ധോനിയോടുള്ള അങ്ങേയറ്റത്തെ ആരാധനക്കൊടുവില്‍ മൈതാനത്തേക്ക് ഓടിയിറങ്ങി സൂപ്പര്‍ താരത്തിന്റെ കാല്‍ക്കല്‍ തൊട്ട് വീണ് കിടക്കുന്ന ദൃശ്യം വൈകാരികമായിരുന്നു. ഈ വീഡിയോ നിരവധി പേര്‍ ഏറ്റെടുക്കുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു. ധോനിയുടെ രാജ്യത്താകമാനം ഉള്ള ആരാധകരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മ തന്നെ ജയ് ജാനി ഉണ്ടാക്കിയിരുന്നു. യുവാവിന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ ഏകദേശം 18,000 ഫോളോവേഴ്സ് ഉണ്ട്.































