Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം : വോട്ടർ പട്ടിക പരിഷ്കരണത്തിലെ ബിഹാർ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ നീക്കം. തീരുമാനം ഉടൻ നടപ്പിലാക്കാനാണ് പദ്ധതി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം കാത്തിരിക്കുകയാണ് കേരളം. വീഴ്ചകൾ ഒഴിവാക്കി കൂടുതൽ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികൾ. പരിഷ്കരണം സംബന്ധിച്ച് കമ്മിഷനിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു മുൻപ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു. പുതുക്കലിന് മാർഗരേഖയിറക്കും.
ബിഹാർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം പേരെ നീക്കം ചെയ്തിരുന്നു. പട്ടിക തിരുത്തൽ വിവാദമായതിനെ തുടർന്ന് ഇവരുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയെ സമീപിച്ചു. എന്നാൽ ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരിശോധനയില്ലാതെ ഒരു വോട്ടറെയും ഒഴിവാക്കില്ല. ആരെ ഒഴിവാക്കിയാലും കൃത്യമായ വിശദീകരണം നൽകും. വോട്ടർ പട്ടികയുടെ കരട് രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.
























