29 C
Trivandrum
Tuesday, January 20, 2026

കലാഭവൻ നവാസിൻ്റെ മരണത്തിൽ പൊലീസ് കേസെടുത്തു; മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: അന്തരിച്ച സിനിമ – മിമിക്രി താരം കലാഭവൻ നവാസിൻ്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നവാസിൻ്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പൊലീസ് കേസെടുത്തു. ആലുവയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാരം നടക്കുക. തൃശൂർ സ്വദേശിയാണ് കലാഭവൻ നവാസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നവാസ് സ്റ്റേജ് ഷോകളിലും സജീവമായിരുന്നു.

ലോഡ്ജിൽ വീണുകിടന്ന നവാസിനെ രാത്രി 9ഓടെയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിലെത്തിച്ചത്. ‍ഡോക്ടർ പരിശോധിച്ചു മരണം സ്ഥിരീകരിച്ചതോടെ വിവരമറിഞ്ഞു സഹപ്രവർത്തകർ ഓടിയെത്തി. നടി സരയൂ, രമേഷ് പിഷാരടി, കെ.എസ്.പ്രസാദ്, കലാഭവൻ ഷാജോൺ, ലക്ഷ്മി പ്രിയ, കൈലാഷ്, അൻവർ സാദത്ത് എം.എൽ.എ. ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. നടപടികൾ പൂർത്തിയാക്കി രാത്രി 11ഓടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് നവാസ് ഉൾപ്പെടെയുള്ളവർ ചോറ്റാനിക്കരയിലെ ലോഡ്ജിൽ താമസിച്ചിരുന്നത്. 26നു തുടങ്ങിയ ഷൂട്ടിങ്ങിൻ്റെ ആദ്യ ഭാഗം വെള്ളിയാഴ്ച തീർന്നു. തുടർന്ന് ആലുവ കീഴ്മാട് നാലാം മൈലിലെ വീട്ടിലേക്കു മടങ്ങാനിരുന്നതാണ് നവാസ്. ശേഷിക്കുന്ന 2 ദിവസത്തെ ഷൂട്ടിങ് തിങ്കളാഴ്ച തുടങ്ങാനും തീരുമാനിച്ചിരുന്നു.

നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനാണ്. സഹോദരൻ നിയാസ് ബക്കറും ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനാണ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ.

Recent Articles

Related Articles

Special

Enable Notifications OK No thanks