Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരക സെക്ടർ 13ലെ ബഹുനില അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തീപിടിച്ചു. രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 3 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 10 വയസുള്ള സഹോദരങ്ങളായ ആൺകുട്ടിയും പെൺകുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്.
തീ വ്യാപിച്ചതോടെ കുട്ടികളാണ് ബാൽക്കെണിയിൽ നിന്ന് ആദ്യം താഴേക്ക് ചാടിയതെന്നാണ് വിവരം. ഇവരെ അടുത്തുള്ള ആശുപത്രിയിലേത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ പിതാവ് യാഷ് യാദവും ബാൽക്കണിയിൽ നിന്ന് ചാടി. ഇദ്ദേഹത്തെ ഐ.ജി.ഐ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാദവിൻ്റെ ഭാര്യയെയും മൂത്ത മകനെയും രക്ഷപ്പെടുത്തി ഐ.ജി.ഐ. ആശുപത്രിയിലേക്ക് മാറ്റി.
8 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഫ്ലാറ്റിലെ എല്ലാ താമസക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും കെട്ടിടത്തിലേക്കുള്ള വൈദ്യുതി, പി.എൻ.ജി. (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) ബന്ധങ്ങൾ വിച്ഛേദിച്ചതായും അധികൃതർ പറഞ്ഞു.




























