Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ രഹസ്യമായി വന്നു കണ്ടിരുന്നെന്ന് പി.വി.അന്‍വര്‍. അക്കാര്യം ഇന്നുവരെ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. 4 ദിവസം മുന്‍പ് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും തന്നെ മഞ്ചേരിയില്‍ വന്ന് തന്നെ കണ്ടിരുന്നു. അതും ആരോടും പറഞ്ഞിട്ടില്ല. കെ.സുധാകരന്‍ തന്നെയാണ് അത് പുറത്തുപറഞ്ഞതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞദിവസം രാത്രി തന്നെ വന്നുകണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. പിണറായിസത്തെ താഴെയിറക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ വളരെ സൗഹാര്‍ദപരമായി സംസാരിച്ചു. കാത്തിരിക്കാന്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരിക്കുമ്പോഴും അദ്ദേഹം ഇതുപോലെ തന്നെ രഹസ്യമായി വന്ന് കണ്ടിരുന്നു. അന്ന് പരിപൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. അതൊന്നും ഇന്നുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പിണറായിസത്തിൻ്റെ ഏറ്റവും വലിയ ഇരയാണ് രാഹുല്‍. യു.ഡി.എഫില്‍ പിണറായിസത്തിനെതിരേ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുവനേതാവാണ് അദ്ദേഹമെന്നും അന്‍വര്‍ പറഞ്ഞു.
4 ദിവസംമുന്‍പ് കെ.സുധാകരനും മഞ്ചേരിയില്‍ വന്ന് തന്നെ കണ്ടു. ആരോടും പറഞ്ഞിട്ടില്ല. കെ.സുധാകരനല്ലേ അത് പുറത്തുപറഞ്ഞത്. ഒരു സ്വകാര്യസംഭാഷണവും താനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. പിന്നെ എന്നെ ചവിട്ടിത്താഴ്ത്തുന്നതെന്തുകൊണ്ടാണ്? മുന്‍ മലപ്പുറം പൊലീസ് മേധാവി സുജിത്ദാസ് 5 ദിവസമായി തന്നെ വിളിച്ച ഫോണ്‍ കോള്‍ മുൻപ് പുറത്തുവിട്ടിരുന്നു. അത് തൻ്റെ വീട്ടിലെ കാര്യത്തിനല്ല. താന്‍ ആ കോളുകള്‍ പുറത്തുവിട്ടില്ലായിരുന്നെങ്കില്‍ പൊലീസിലെ ഈ തോന്ന്യവാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുമായിരുന്നോ? ജനങ്ങള്‍ അതിലെ സത്യസന്ധത ഉറപ്പുവരുത്തിയത് ആ ഫോണ്‍കോള്‍ വഴിയാണ്. അത് പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തതാണെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.


























