29 C
Trivandrum
Wednesday, July 30, 2025

നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു; വിടപറഞ്ഞത് മലയാള നടന്മാരുടെ ‘തമിഴ് ശബ്ദം’

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റും വ്യവസായിയുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും ഒട്ടേറെ തമിഴ് സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.

1974ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് രാജേഷ് സിനിമയിൽ അരങ്ങേറിയത്. 1979ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ.ബാലചന്ദർ സംവിധാനംചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം ക്യാരക്ടർ റോളുകളിൽ രാജേഷ് കൂടുതൽ ശ്രദ്ധിച്ചു.

സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസൺ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോ​ഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബം​ഗാരു ചിലക, ചദാസ്തപു മൊ​ഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച ശ്രദ്ധേയ തെലുങ്ക് ചിത്രങ്ങൾ.

മലയാള നടൻ മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമേ, റാം എന്നീ ചിത്രങ്ങൾക്ക് രാജേഷ് ശബ്ദം നൽകി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തിൽ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു. ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാനചിത്രം.

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലേക്കും കടന്നുചെന്ന രാജേഷ് ചെന്നൈയിലെ മുൻനിര ബിൽഡർമാരിൽ ഒരാളായിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് അനന്തരവനോടൊപ്പം ആശുപത്രിയിലേക്കു പോകുന്ന വഴി അന്ത്യം സംഭവിച്ചു. രാജേഷിൻ്റെ ഭാര്യ ജോൺ സിൽവിയ വനതിരായർ 2012ൽ മരിച്ചു. 2014ൽ നടനായി അരങ്ങേറിയ ദീപക്, ദിവ്യ എന്നിവരാണ് മക്കൾ.

Recent Articles

Related Articles

Special

Enable Notifications OK No thanks