കണ്ടെയ്നറുകളെല്ലാം കടലിൽ; കപ്പലിൽ നിന്ന് ഇന്ധന ചോർച്ചയ്ക്ക് സാധ്യത

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (74 കിലോമീറ്റര്‍) അറബിക്കടലില്‍ ചരിഞ്ഞ എം.എസ്.സി. എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങി. 90 ശതമാനത്തോളം കപ്പല്‍ ഇതിനോടകം മുങ്ങിക്കഴിഞ്ഞു. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്‌നറുകളെല്ലാം കടലില്‍ പതിച്ചു.

ചരക്കുകപ്പലിൽ നിന്ന് കടലിലേക്ക് ഇന്ധനം ചോരാനുള്ള സാധ്യത കണക്കിലെടുത്ത് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രംഗത്തുണ്ട്‌.കോസ്റ്റ ​ഗാർഡിൻ്റെ സക്ഷം കപ്പലിന് ഇന്ധനം കടലിൽ കലരുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഫ്ലോട്ടിങ് പൈപ്പ് വല പോലെ വിരിച്ച് ബ്ലോക്ക് ചെയ്യുകയാണ് ഒരു മാർ​ഗം. പ്രത്യേക രാസവസ്തു വെള്ളത്തിൽ കലർത്തി ഇന്ധനത്തിൻ്റെ ഒഴുക്ക് തടയും.

ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റന്‍ ഉള്‍പ്പെടെ 3 പേര്‍ കപ്പലില്‍ തുടര്‍ന്നത് കപ്പല്‍ നിവര്‍ത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. 26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാര്‍ഡ് എത്തുമ്പോള്‍. കപ്പല്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാല്‍ കപ്പല്‍ കൂടുതല്‍ ചരിയുകയും കൂടുതല്‍ കണ്ടെയ്‌നറുകള്‍ വീണ്ടും കടലില്‍ പതിക്കുകയും ചെയ്തതോടെ നിവര്‍ത്തല്‍ അസാധ്യമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച 3 പേരെയും കപ്പലില്‍ നിന്നും രാവിലെ നാവികസേന രക്ഷിച്ചു. കണ്ടെയ്‌നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.

കണ്ടെയ്‌നറുകള്‍ ഒഴുകി തീരത്തെത്തിയാല്‍ അപകടമാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്.

ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ-3ന് 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുണ്ട്. 400ഓളം കണ്ടെയ്നറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു. 1997ല്‍ നിര്‍മ്മിച്ച കപ്പലാണിത്. ഒരു ഫീഡര്‍ കപ്പലായതിനാല്‍ മാതൃകപ്പലില്‍നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണിത്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special