Follow the FOURTH PILLAR LIVE channel on WhatsApp
ബെലഗാവി: പൊലീസ് ഉദ്യോഗസ്ഥനെ പൊതുവേദിയിൽവെച്ച് അടിക്കാനോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിഷേധക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്ര സർക്കാരിനെതിരേ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വേദിയിൽ വെച്ചായിരുന്നു പൊലീസുകാരനെതിരേ സിദ്ധരാമയ്യ തിരിഞ്ഞത്.
പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ചില പരാമർശങ്ങളുണ്ടായി എന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പി. പ്രവർത്തകർ ഇതേ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു. പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും സദസ്സിൽ കൂടിയിരുന്ന് ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
ഇവിടത്തെ എസ്.പി. ആരാണ് എന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യ അടിക്കാനോങ്ങിയത്. ദ്വാരക എസ്.പി. നാരായണ ബരമണിക്ക് നേരെയായിരുന്നു സിദ്ധരാമയ്യയുടെ രോഷപ്രകടനം.
‘ഇവിടെ വാ, ആരാണ് എസ്.പി., നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് ചോദിക്കുകയും അടിക്കാനോങ്ങുകയുമായിരുന്നു. കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജെവാലയും മന്ത്രി പാട്ടീലും അടക്കമുള്ളവർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനായി. അടിക്കാനോങ്ങുമ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ പിന്നോട്ട് മാറുകയായിരുന്നു.
സംഭവത്തിൽ സിദ്ദരാമയ്യയ്ക്കെതിരേ ബി.ജെ.പി. രൂക്ഷ വിമർശവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികാരം എന്നെന്നേക്കുമല്ലെന്ന മുന്നറിയിപ്പുമായി ജെ.ഡി.എസും രംഗത്തെത്തി.